മോദി സര്‍ക്കാരിന് കിട്ടുന്നത് വട്ടപൂജ്യം, പെട്രോള്‍ വിലവര്‍ധനവിന്റെ ഗുണം മമതയ്ക്കും, കെജ്രിവാളിനും;ബിജെപി ഐടി സെല്‍ മേധാവി 

പെട്രോള്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്ന വാദമാണ് അമിത് മാളവ്യ ഉന്നയിച്ചത്.
മോദി സര്‍ക്കാരിന് കിട്ടുന്നത് വട്ടപൂജ്യം, പെട്രോള്‍ വിലവര്‍ധനവിന്റെ ഗുണം മമതയ്ക്കും, കെജ്രിവാളിനും;ബിജെപി ഐടി സെല്‍ മേധാവി 

ന്യൂഡല്‍ഹി: ഇന്ധനവില കുതിച്ച് ഉയരുമ്പോള്‍ പുതിയ ന്യായവാദവുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. പെട്രോള്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്ന വാദമാണ് അമിത് മാളവ്യ ഉന്നയിച്ചത്. മോദി സര്‍ക്കാരിന് ഇതിന്റെ ഒരു ഗുണവും ലഭിക്കുന്നില്ലെന്നും ട്വിറ്ററില്‍ അമിത് മാളവ്യ കുറിച്ചു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

രാജ്യത്ത് ഇന്ധനവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച പെട്രോള്‍ വില ലിറ്ററിന് 76.87 രൂപയിലെത്തി റെക്കോഡിട്ടു. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളെ ദുരിതക്കയത്തില്‍ തളളിവിടുകയാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് അമിത് മാളവ്യയുടെ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെ പെട്രോള്‍ വില ലിറ്ററിന് ഇരുപത്തിയഞ്ചു രൂപയെങ്കിലും കുറയ്ക്കാമെന്നിരിക്കെ ഒന്നോ രണ്ടോ രൂപ കുറവു വരുത്തി ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം പ്രതികരിച്ചു.
രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില അനുസരിച്ച് ലിറ്ററിന് ഇരുപത്തിയഞ്ചു രൂപ കുറയ്ക്കാവുന്നതേയുള്ളൂവെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com