ഒഡീഷ പിടിക്കാന്‍ ബിജെപി; മോദി പുരിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ നിന്നും മത്സരിക്കാന്‍ സാധ്യത.
ഒഡീഷ പിടിക്കാന്‍ ബിജെപി; മോദി പുരിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ നിന്നും മത്സരിക്കാന്‍ സാധ്യത. മുന്‍ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ജനവിധി തേടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി. കഴിഞ്ഞ തവണ വാരാണാസിയ്ക്ക് പുറമേ മോദി മത്സരിച്ച വഡോദര മണ്ഡലം ഉപേക്ഷിച്ച് പുരിയില്‍ നിന്നും മത്സരിക്കാനാണ് നീക്കം നടത്തുന്നത്.

പുരിയില്‍ നിന്നും മോദി മത്സരിക്കുമെന്ന സൂചനകള്‍ക്ക് ശക്തിപകര്‍ന്ന് ക്ഷേത്രനഗരിയില്‍ യുദ്ധകാലാടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളാണ് അടിത്തട്ടില്‍ നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി മെയ് 26ന് ഒഡീഷയിലെ കട്ടക്കില്‍ മോദി റാലിയെ അഭിസംബോധന ചെയ്യും. ഇവിടെ വച്ച്  മോദി തെരഞ്ഞെടുപ്പ് കാഹളം മുഴക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2014ല്‍ ഹിന്ദു ദൈവമായ ശിവനെ ഉയര്‍ത്തിക്കാണിച്ചാണ് മോദി വാരാണാസിയില്‍ നിന്നും ജനവിധി തേടിയത്. ഇത്തവണ പുരിയിലെ പ്രശസ്ത ക്ഷേ്ത്രമായ ജഗന്നാഥക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ വിഷ്ണുവിനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് കാഹളം മുഴക്കാനാണ് മോദി പരിപാടിയിടുന്നത്. 

2019ല്‍ ഒഡീഷ ഉള്‍പ്പെടെയുളള നാലുസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുളള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ബിജെപി. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനുളള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ വീണ്ടും ഉറപ്പാക്കാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നില്ല. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ബിജെപിക്ക് എതിരാകുമോയെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. അതിനെ മറികടക്കാന്‍ ഒഡീഷ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടി പരിഹരിക്കാനുളള പദ്ധതിയാണ് ബിജെപിയുടെ അണിയറയില്‍ തയ്യാറാകുന്നത്.

ഒഡീഷ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 105 ലോക്‌സഭ സീറ്റുകളാണുളളത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. പശ്ചിമബംഗാളിലും ആന്ധ്രാപ്രദേശിലും രണ്ടു വീതവും, ഒഡീഷ, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നും ഒന്നുവീതവും സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

നിലവില്‍ ഒഡീഷയിലും ബംഗാളിലും ഭരണകക്ഷിയുടെ മുഖ്യ എതിരാളിയായി ബിജെപി വളര്‍ന്നു കഴിഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവുമധികം ഭയപ്പെടുന്നത് ബിജെപിയെയാണ്. അതുപോലെ ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി. ഇതെല്ലാം വരുന്ന ലോക്‌സഭ  തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com