മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് അടിപതറും;കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സര്‍വ്വേ 

വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വേ
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് അടിപതറും;കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സര്‍വ്വേ 

ന്യൂഡല്‍ഹി: വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വേ. രണ്ടിടത്തും കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി-സിഎസ്ഡിഎസ് സര്‍വ്വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.ഇരുസംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബിജെപിക്ക് റിപ്പോര്‍ട്ട് തിരിച്ചടിയായി. രണ്ടിടത്തും ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ്. 

ഈ ദിവസങ്ങളില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 49 ശതമാനം വോട്ടുവിഹിതം കോണ്‍ഗ്രസിന് ലഭിക്കും. 34 ശതമാനവുമായി ബിജെപി ബഹുദൂരം പിന്നിലാകും. രാജസ്ഥാനിലും സ്ഥിതി മറിച്ചല്ല. 44 ശതമാനം വോട്ടുവിഹിതം നേടി കോണ്‍ഗ്രസ് മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കും. ബിജെപിക്ക് 39 ശതമാനം വോട്ടുവിഹിതം മാത്രമേ ഉറപ്പാക്കാനാവുകയുളളുവെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. മധ്യപ്രദേശില്‍ 49 ശതമാനം വോട്ടുവിഹിതം സമ്പാദിച്ച് കോണ്‍ഗ്രസ് മേല്‍ക്കൈ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രഭമാക്കുമെന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ആറു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസ് ജയിച്ചു. രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഫലം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിനെതിരെ വ്യാപക ആക്ഷേപമാണ് നിലനില്‍ക്കുന്നത്. ബിജെപി സംസ്ഥാനഘടകത്തില്‍ പോലും വസുന്ധരരാജ സിന്ധ്യക്കെതിരെയുളള മുറുമുറുപ്പ് ശക്തമാകുകയാണ്. ഇതിനിടെയാണ് ബിജെപിക്ക് തിരിച്ചടിയായി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെയും ജോതിരാദിത്യ സിന്ധ്യയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉണര്‍വിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com