സത്യപ്രതിജ്ഞാ വേദിയിലേക്കു നടന്നു വരേണ്ടിവന്നു, ഡിജിപിയെ പരസ്യമായി ശാസിച്ച് മമത, വിഡിയോ വൈറല്‍

സത്യപ്രതിജ്ഞാ വേദിയിലേക്കു നടന്നു വരേണ്ടിവന്നു, ഡിജിപിയെ പരസ്യമായി ശാസിച്ച് മമത, വിഡിയോ വൈറല്‍
സത്യപ്രതിജ്ഞാ വേദിയിലേക്കു നടന്നു വരേണ്ടിവന്നു, ഡിജിപിയെ പരസ്യമായി ശാസിച്ച് മമത, വിഡിയോ വൈറല്‍

ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയ്ക്കുള്ള വേദിയായെങ്കിലും അത്ര സന്തോഷത്തിലല്ല, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു നടന്നുവരേണ്ടി വന്നതാണ് മമതയെ ചൊടിപ്പിച്ചത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയോടു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു, മമത. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കര്‍ണാടക പൊലീസ് മേധാവി നീലമണി രാജുവിനോട് മമത കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ തന്നെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ആര്‍ക്കും കാര്യം വ്യക്തമായില്ല. പൊലീസ് മേധാവിയോടു സംസാരിച്ചതിനു പിന്നാലെ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ അടുത്തു വന്നും മമത സംസാരിക്കുന്നുണ്ട്.

വിവിധ കക്ഷി നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരുമെല്ലാം അണിനിരന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിവിഐപികളുടെ സംഗമവേദിയായിരുന്നു. ഇതു തന്നെയാണ് പൊലീസിനു പണിയായതും. കനത്ത സുരക്ഷാ സംവിധാനം ആയതിനാല്‍ വിധാന്‍ സൗധയിലേക്കുള്ളള ഒരു ഗേറ്റുമാണ് തുറന്നിരുന്നത്. ഇവിടെ വണ്ടികളെല്ലാം ബ്ലോക്ക് ആയതാണ് മമതയെ ചൊടിപ്പിച്ചത്. ഇവിടെ നിന്ന് സത്യപ്രതിജ്ഞ് വേദിയിലേക്കു നേതാക്കള്‍ക്കു നടന്നു വരേണ്ടിവന്നു. മമത മാത്രമല്ല, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവരും നടന്നാണ് വേദിയില്‍ എത്തിയത്. മമത മാത്രമാണ് ഇതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതെന്നു മാത്രം.

ഗവര്‍ണറുടെയും നിയുക്ത മുഖ്യമന്ത്രിയുടെയും വാഹനങ്ങള്‍ മാത്രമാണ് വിധാന്‍ സഭാ ഗേറ്റിലൂടെ കടത്തിവിട്ടത്. പൊലീസിനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com