ബിജെപിയുടെ തേരോട്ടം തടഞ്ഞു വീണ്ടും പ്രതിപക്ഷ സഖ്യം; യുപിയില്‍ കാവിപ്പടയ്ക്ക് തോല്‍വി 

ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭ സീറ്റുകളിലേക്ക്  നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ പ്രതിപക്ഷ സഖ്യം പരീക്ഷിച്ച തന്ത്രം ഇത്തവണയും ഫലം കണ്ടു
ബിജെപിയുടെ തേരോട്ടം തടഞ്ഞു വീണ്ടും പ്രതിപക്ഷ സഖ്യം; യുപിയില്‍ കാവിപ്പടയ്ക്ക് തോല്‍വി 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യം വീണ്ടും ബിജെപിയെ പരാജയപ്പെടുത്തി. ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭ സീറ്റുകളിലേക്ക്  നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ പ്രതിപക്ഷ സഖ്യം പരീക്ഷിച്ച തന്ത്രം ഇത്തവണയും ഫലം കണ്ടു. കൈരാന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ പിന്തുണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച അടവുനയം വിജയിച്ചു. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബസൂം ഹസന്റെ ലീഡ് 50000 വോട്ടിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ബിജെപിക്ക് തിരിച്ചുവരവ് ദുഷ്‌കരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെയുളള തെരഞ്ഞെടുപ്പ് ഫല സൂചനകള്‍.  ഹുക്കുംസിങ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൃഗങ്ക സിങാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ബിജെപി എംപിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചിരുന്ന സഹതാപ വോട്ടുകള്‍പോലും ബിജെപിയ്ക്ക് ലഭിച്ചില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

ബിജെപി എംഎല്‍എ ലോകേന്ദ്ര സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 6211 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജപിയുടെ അവ്‌നിഷ് സിങിനെ എസ്പിയുടെ നയിം ഉള്‍ ഹസനാണ് പരാജയപ്പെടുത്തിയത്. ഇവിടെയും ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥിയായാണ് എസ്പിയുടെ നയിം ഉള്‍ ഹസന്‍ മത്സരിച്ചത്. ബിഎസ്പിയും എസ്പിയും ഉള്‍പ്പെടുന്ന വിശാല സഖ്യമാണ് ഇവിടെ ബിജെപിയെ നേരിട്ടത്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍  വിശാല സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ച്ചയായി നടന്ന ഉപതെരഞ്ഞെടുപ്പുകള്‍. ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുളള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബിജെപിയെ മുഖാമുഖം നേരിടാന്‍ അരയും തലയും മുറുക്കി വിശാല സഖ്യം പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത് മറുതന്ത്രങ്ങള്‍ തേടാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com