മോദിക്കെതിരെ 'തേള്‍' പരാമര്‍ശം : മതവികാരം വ്രണപ്പെടുത്തിയെന്ന് ശശി തരൂരിനെതിരെ പരാതി

ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് പരാതി നല്‍കിയത്. പരാതി പരി​ഗണിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി
മോദിക്കെതിരെ 'തേള്‍' പരാമര്‍ശം : മതവികാരം വ്രണപ്പെടുത്തിയെന്ന് ശശി തരൂരിനെതിരെ പരാതി

ന്യൂഡല്‍ഹി : നരേന്ദ്രമോദിക്കെതിരെ തേള്‍ പ്രയോഗം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ പരാതി. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ്, തരൂരിനെതിരെ മാനഹാനിക്ക് കേസ് നല്‍കിയത്. തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് പരാതി നല്‍കിയത്. 

താനടക്കമുള്ള ഹിന്ദുക്കളായ ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ശശി തരൂരിന്റെ പ്രസ്താവനയെന്ന് ഹര്‍ജിയില്‍ പരാതിക്കാരന്‍ പറയുന്നു. ഭക്തരുടെ വിശ്വാസത്തെ ഇടിച്ചുതാഴ്ത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം നടത്തിയ പരാമര്‍ശമാണ് തരൂരിന്റേതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ 499, 500 വകുപ്പ് പ്രകാരമാണ് കേസ് നല്‍കിയിട്ടുള്ളത്. 

ബാംഗ്ലൂർ സാഹിത്യോത്സവത്തി​ന്റെ അവസാനദിനമായ ഞായറാഴ്​ച ‘ദ പാരഡോക്​സിക്കൽ പ്രൈം മിനിസ്​റ്റർ’ എന്ന തന്റെ പുസ്​തകത്തെക്കുറിച്ചുള്ള ചർച്ചക്കിടെയാണ്​ മോദിക്കെതിരെ തരൂരി​ന്റെ  രൂക്ഷ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ ആണെന്ന്​ ഒരു മാധ്യമപ്രവർത്തകനോട്​ ആർ.എസ്​.എസുകാരൻ പറഞ്ഞതായി ശശി തരൂർ പറഞ്ഞു. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട്​ എടുക്കാനും ചെരിപ്പുകൊണ്ട്​ അടിക്കാനും വയ്യാത്ത സ്​ഥിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ദ കാരവൻ മാഗസിൻ എക്​സി. എഡിറ്റർ വിനോദ്​ കെ. ജോസിനോടാണ്​ മോദിയെക്കുറിച്ച്​ ‘ശിവലിംഗത്തിലെ തേൾ’ ഉപമ നടത്തിയതെന്ന്​ വ്യക്തമാക്കിയ തരൂർ, ആരാണ്​ പ്രയോഗിച്ചതെന്ന്​ വെളിപ്പെടുത്തിയില്ല. തേളിനെ കൈകൊണ്ട്​ എടുത്തുമാറ്റാൻ ശ്രമിച്ചാൽ അതി​ന്റെ കുത്തേറ്റ്​ വിഷബാധയേൽക്കും. ചെരിപ്പുകൊണ്ട്​ അടിച്ചാലോ ശിവലിംഗത്തെ അപമാനിക്കുന്നതുപോലാവും. മോദിയെ ആർ.എസ്​.എസിന്റെെ വരുതിയിൽ നിർത്താൻ കഴിയാത്തതി​ന്റെ നിരാശ പ്രകടമാക്കുന്നതാണ്​ ഇൗ പ്രയോഗമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. പരാതി പരി​ഗണിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com