രണ്ടു വർഷത്തിനിടെ 13 പേരെ കൊന്നു, മഹാരാഷ്ട്രയെ വിറപ്പിച്ച നരഭോജി കടുവയെ വെടിവെച്ചു കൊന്നു

യവത്മാല്‍ മേഖലയില്‍ വെച്ച്  ഇന്നലെ രാത്രിയാണ് ആവണി എന്ന കടുവയെ വെടിവെച്ചു കൊന്നത്
രണ്ടു വർഷത്തിനിടെ 13 പേരെ കൊന്നു, മഹാരാഷ്ട്രയെ വിറപ്പിച്ച നരഭോജി കടുവയെ വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയെ വിറപ്പിച്ച നരഭോജി കടുവയെ ഒടുവിൽ കൊന്നു. 13 പേരെ കൊലപ്പെടുത്തി എന്നു കരുതുന്ന കടുവയെ വെടിവെച്ചു കൊന്നു. യവത്മാല്‍ മേഖലയില്‍ വെച്ച്  ഇന്നലെ രാത്രിയാണ് ആവണി എന്ന കടുവയെ വെടിവെച്ചു കൊന്നത്. നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പന്തര്‍കവാട എന്ന പ്രദേശത്താണ് കടുവയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ടി-1 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ പെണ്‍ കടുവ കഴിഞ്ഞ വര്‍ഷം അഞ്ചു ഗ്രാമീണരെയാണ് കൊലപ്പെടുത്തിയത്.  2016 ലെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട എട്ടു പേരുടെ മരണത്തിന് ഇടയാക്കിയതും ഈ കടുവതന്നെയാണെന്നാണ് അധികൃതര്‍ കരുതുന്നത്. 

ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കടുവയെ പിടിക്കുന്നതിനായി വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍, ആനകള്‍, ലോകപ്രശസ്ത കടുവാപിടുത്തക്കാര്‍ അങ്ങനെ മൂന്നു മാസമായി ആവണിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അതേസമയം കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9,000 പേരിലധികം ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളി, കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com