'അതെന്റെ സ്വപ്‌നമാണ്, രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കും'; ആര്‍ക്കും തടയാനാവില്ലെന്ന് ഉമാഭാരതി

രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുമെന്നും ആര്‍ക്കും തടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. രാം ജന്‍മഭൂമി ആന്തോളനില്‍ ശക്തമായി പങ്കെടുത്തയാളെന്ന നിലയ്ക്കും അദ്വാനിയോടൊപ്പം ഇപ്പോള്‍ കേസിലും 
'അതെന്റെ സ്വപ്‌നമാണ്, രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കും'; ആര്‍ക്കും തടയാനാവില്ലെന്ന് ഉമാഭാരതി


 പാട്‌ന:  രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുമെന്നും ആര്‍ക്കും തടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. അതൊരു സ്വപ്‌നമാണ്. രാം ജന്‍മഭൂമി ആന്തോളനില്‍ ശക്തമായി പങ്കെടുത്തയാളെന്ന നിലയ്ക്കും അദ്വാനിയോടൊപ്പം ഇപ്പോള്‍ കേസിലും ഉള്‍പ്പെട്ട സ്ഥിതിക്കും രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി എന്തും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

അയോധ്യക്കേസില്‍ സുപ്രിംകോടതിയുടെ വിധി വൈകുന്നതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. എന്ത് സംഭവിച്ചാലും ഡിസംബറില്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. 

കേസ് ജനുവരിയില്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്നാണ് സുപ്രിംകോടതി നിലപാട്. കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയില്‍ വാദം കേട്ടുകൊണ്ടിരിക്കെയായിരുന്നു വിധി പറയുന്നത് നീട്ടിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടത്. ബാബറി മസ്ജിദ് നിന്ന സ്ഥലം മൂന്നായി വിഭജിച്ച്  സുന്നി വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കുമായി നല്‍കണമെന്നായിരുന്നു അലഹബാദ് കോടതിയുടെ വിധി.

 കോടതി വിധി വരുമ്പോള്‍ വരട്ടെയെന്നും ക്ഷേത്രനിര്‍മ്മാണം ഡിസംബര്‍ ആറിന് തന്നെ ആരംഭിക്കുമെന്നുമാണ് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഇന്നലെ പറഞ്ഞത്. രാജ്യമെങ്ങുമുള്ള ഹിന്ദുക്കള്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രാചിയുടെ ആഹ്വാനം പുറത്ത് വന്നത്.

 കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണിത മോസ്‌ക് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് എന്ന വാദം ഉയര്‍ത്തിയാണ് പള്ളി പൊളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com