നരഭോജി കടുവയെ വെടിവെച്ച് കൊന്നത് കൊടുംക്രൂരത; അന്വേഷണത്തിന് ഉത്തരവിട്ട് മേനകാ ഗാന്ധി

13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന അവ്‌നി എന്ന പേരുളള കടുവയെ വെടിവച്ച് കൊന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി
നരഭോജി കടുവയെ വെടിവെച്ച് കൊന്നത് കൊടുംക്രൂരത; അന്വേഷണത്തിന് ഉത്തരവിട്ട് മേനകാ ഗാന്ധി

മുംബൈ: 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന അവ്‌നി എന്ന പേരുളള കടുവയെ വെടിവച്ച് കൊന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഇത് ക്രൂരമായ കൊലപാതകമായിപ്പോയെന്നും സംഭവത്തില്‍ അതിയായി ദുഖം രേഖപ്പെടുത്തുന്നതായും മേനകാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. സംഭവത്തിന് പിന്നാലെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ അവ്‌നി എന്നറിയപ്പെട്ട കടുവയെ വെടിവെച്ചുകൊന്നത്. നരഭോജിയായ കടുവയെ വെടിവെച്ചുകൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മൂന്നുമാസത്തോളം വനംവകുപ്പധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് യവത്മാല്‍ വനത്തില്‍ പെണ്‍കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയായിരുന്നു ഇത്.

ഷൂട്ടിങ് വിദഗ്ധനായ നവാബ് ഷഫാത് അലിയുടെ മകന്‍ അസ്‌കര്‍ അലിയാണ് കടുവയെ വെടിവെച്ചത്. മറ്റൊരു പെണ്‍കടുവയുടെ മൂത്രവും പെര്‍ഫ്യൂമും ഉപയോഗിച്ച് കടുവയെ നിശ്ചിതസ്ഥലത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു. പത്തുമാസം പ്രായമുള്ള രണ്ടു കുട്ടികളും അവ്‌നിക്കൊപ്പം ഉണ്ടായിരുന്നു. അഞ്ചു വയസ്സുള്ള കടുവ, ടിവണ്‍ എന്നപേരിലായിരുന്നു ഫോറസ്റ്റ് അധികൃതര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

പന്തര്‍ക്കവാട എന്ന സ്ഥലത്താണ് കടുവയുടെ ആക്രമണം കൂടുതലായി നടന്നിരുന്നത്. 150ഓളം ആളുകള്‍ അത്യാധുനിക സാങ്കേതികവിദ്യയും തിരച്ചില്‍ വിദഗ്ധരായ പട്ടികളെയും ഷൂട്ടര്‍മാരെയും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. 2012ലാണ് ഈ കടുവയെ യവത്മാല്‍ വനത്തില്‍ ആദ്യമായി കാണുന്നത്. പ്രദേശത്ത് കൊല്ലപ്പെട്ട ആളുകളുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ അവ്‌നിയുടെ ആക്രമണം മൂലമാണെന്ന് ശാസ്ത്രീയതെളിവ് ലഭിച്ചിരുന്നു.

കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9000 പേരിലധികം ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, കടുവയെ ജീവനോടെ പിടിക്കുന്നതിന് പകരം വെടിവെച്ചുകൊല്ലാന്‍ അനുവദിക്കണമെന്ന ഹര്‍ജി കഴിഞ്ഞമാസം ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അനുവദിക്കുകയായിരുന്നു. സുപ്രീംകോടതിയിലും ഇതുസംബന്ധിച്ച കേസ് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com