പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്‌നതുല്യ അവസരവുമായി ഇന്ത്യന്‍ നേവി; ബിടെക് ബിരുദത്തിന് പിന്നാലെ ജോലിയും: വിവരങ്ങള്‍ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്‌നതുല്യ അവസരവുമായി ഇന്ത്യന്‍ നേവി.
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്‌നതുല്യ അവസരവുമായി ഇന്ത്യന്‍ നേവി; ബിടെക് ബിരുദത്തിന് പിന്നാലെ ജോലിയും: വിവരങ്ങള്‍ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്‌നതുല്യ അവസരവുമായി ഇന്ത്യന്‍ നേവി. ഒറ്റുപ്രവേശനത്തിലൂടെ എഞ്ചിനീയറിങ് ബിരുദവും അതുകഴിഞ്ഞ് ഉയര്‍ന്ന വരുമാനത്തില്‍ ജോലിയുമായാണ് ഇന്ത്യന്‍ നേവി വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ കീഴിലാണ് എഞ്ചിനിയറിങ് ബിരുദം. 2019 ജൂലായില്‍ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി പദ്ധതി പ്രകാരം അവിവാഹിതരായ ആണ്‍കുട്ടികളെയാണ് നേവി തേടുന്നത്. 

2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചിരിക്കണം. ഈ മൂന്നു വിഷയങ്ങള്‍ക്കുംകൂടി 70 ശതമാനം മാര്‍ക്കും വേണം. ഇംഗ്ലീഷിലും അല്പം മിടുക്കുവേണം. 10ലോ 12ലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. 

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ നേവി പരീക്ഷയൊന്നും നടത്തുന്നില്ല. പക്ഷേ, അപേക്ഷകര്‍ ബി.ഇ./ബി. ടെക്. പ്രവേശനത്തിനായി 2018ല്‍ സി.ബി.എസ്.ഇ. നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ. ഇ.) മെയിന്‍ അഭിമുഖീകരിച്ചിരിക്കണം. അതിലെ അഖിലേന്ത്യാ റാങ്കുവച്ചാണ് അപേക്ഷകരെ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. രണ്ടാംഘട്ടം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്റര്‍വ്യൂ ആണ്. 2019 ഫെബ്രുവരിഏപ്രില്‍ മാസത്തില്‍ ഇതു പ്രതീക്ഷിക്കാം. 

സായുധസേനയില്‍ പ്രവര്‍ത്തിക്കാനുള്ള അപേക്ഷകരുടെ അഭിരുചി ഇവിടെ വിലയിരുത്തും. ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍. അതു കടന്നാല്‍, സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റര്‍വ്യൂ എന്നിവ. അതിലും തിളങ്ങിയാല്‍ പിന്നെ മെഡിക്കല്‍ പരിശോധനയാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ണൂരിലെ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് പഠനം. അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലൊന്നില്‍. 

പഠനച്ചെലവ് പൂര്‍ണമായും നേവി വഹിക്കും. കോഴ്സ് കഴിഞ്ഞാല്‍ ആദ്യ നിയമനം സബ് ലഫ്റ്റനന്റായി. പ്രതിമാസ കോസ്റ്റ് റ്റു കമ്പനി (സി.ടി.സി.) തുടക്കത്തില്‍ ഒരു ലക്ഷം രൂപയ്ക്കടുത്ത്. പടിപടിയായി ഉയര്‍ന്ന റാങ്കുകളിലേക്കു നീങ്ങാം. അപേക്ഷ നവംബര്‍ മൂന്നുമുതല്‍ നല്‍കാം. http://www.joinindiannavy.gov.in വഴി. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ നവംബര്‍ 22 വരെയാണ് സമയം. വിശദാംശങ്ങള്‍ വിജ്ഞാപനത്തിലും സൈറ്റിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com