ദീപാവലി ആഘോഷം മരണം കൊണ്ടുവരും; 200 വര്‍ഷമായി ദീപാവലിക്ക് വിലക്കേര്‍പ്പെടുത്തി ഒരു ഗ്രാമം

ഗ്രാമത്തിലുണ്ടായ ഒരു കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്നാണ് ഗ്രാമത്തിലെ തലമുതിര്‍ന്നവര്‍ രണ്ട് നൂറ്റാണ്ട് മുന്‍പ് ദീപാവലിക്ക് വിലക്കേര്‍പ്പെടുത്തിയത്
ദീപാവലി ആഘോഷം മരണം കൊണ്ടുവരും; 200 വര്‍ഷമായി ദീപാവലിക്ക് വിലക്കേര്‍പ്പെടുത്തി ഒരു ഗ്രാമം

ശ്രീകാകുളം; ദീപം തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ് രാജ്യം. എന്നാല്‍ ആന്ധ്ര പ്രദേശിലെ ഈ ഗ്രാമത്തില്‍ മാത്രം ദീപാവലി ഇരുട്ടിലാണ്. പടക്കത്തിന്റെ ശബ്ദമോ ആര്‍പ്പുവിളികളോ ഇവിടെ നിന്ന് കേള്‍ക്കില്ല. ഈ വര്‍ഷം മാത്രമല്ല ഇത്. കഴിഞ്ഞ 200 വര്‍ഷമായി ദീപാവലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഗ്രാമത്തിലുണ്ടായ ഒരു കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്നാണ് ഗ്രാമത്തിലെ തലമുതിര്‍ന്നവര്‍ രണ്ട് നൂറ്റാണ്ട് മുന്‍പ് ദീപാവലിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനിയും അത്തരത്തിലുള്ള ദുരന്തത്തിന് സാക്ഷിയാവാതിരിക്കാന്‍ നിരോധനം ഇന്നും തുടരുകയാണ് രനസ്ഥലത്തെ പൊന്നനപലം ഗ്രാമം. 

നാഗങ്ങളെ പൂജിക്കുന്ന നാഗ ചതുര്‍ത്തി ദിനത്തില്‍ ഒരു കുഞ്ഞ് പാമ്പിന്റെ കടിയേറ്റ് മരിച്ചതോടെയാണ് ദീപാവലി ആഘോഷം അവസാനിപ്പിക്കാന്‍ ഗ്രാമം തീരുമാനിക്കുന്നത്. കൂടാതെ രണ്ട് കാളകളും ഇന്നേ ദിവസം മരിച്ചു വീണു. ഇതോടെ ദീപാവലി, നാഗ ചതുര്‍ത്തി ആഘോഷങ്ങള്‍ക്ക് വിലക്ക് വീണു. ഗ്രാമത്തിലെ പഴമക്കാരുടെ തീരുമാനത്തെ മാനിച്ച് ഇപ്പോഴും വിലക്ക് തുടരുകയാണ് ഗ്രമാത്തിലുള്ളവര്‍. ഗ്രാമത്തിലേക്ക് എത്തുന്ന മരുമക്കളും വിവാഹത്തോടെ ദിപാവലി ആഘോഷങ്ങള്‍ വേണ്ടെന്നു വെക്കും. മറ്റുള്ള ഗ്രാമങ്ങളിേേലക്ക് വിവാഹം കഴിച്ചു പോകുന്ന പെണ്‍മക്കള്‍ക്ക് മാത്രമായിരിക്കും ദീപാവലി ആഘോഷിക്കാന്‍ അനുവാദം ഉണ്ടാകൂ. 

വിദ്യാസമ്പന്നരായ പുതിയ തലമുറ പാരമ്പര്യത്തെ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ അതിനെ എതിര്‍ത്തു. ഗ്രാമത്തിനുള്ളില്‍ നിന്ന് ഈ വിലക്ക് നീക്കണം എന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഒരു വിഭാഗം പാരമ്പര്യം തകര്‍ക്കാന്‍ തയാറാവുന്നില്ല. ഗ്രാമത്തിലെ ഗവണ്‍മെന്റ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ വിലക്ക് മറികടക്കാന്‍ തന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുക പോലും ചെയ്തു. 12 വര്‍ഷം മുന്‍പായിരുന്നു ഇത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പി. എന്‍ നായിഡുവിന്റെ മകന്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണത്തിന് കാരണം ഗ്രാമത്തിലെ ആചാരം ലംഘിച്ചതാണെന്ന പ്രചരണം ശക്തമായി എന്നാണ് അദ്ദേഹം പറയുന്നത്. 

ഗ്രാമത്തിലെ പ്രധാന കുടുംബമായ പൊന്നാനയിലാണ് ഈ സംഭവമുണ്ടായത്. ഇവരുടെ കുടുംബാംഗങ്ങളാണ് ഗ്രാമത്തിലെ 95 ശതമാനം പേരും. ഇവര്‍ നിരോധനത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് ദീപാവലി ആഘോഷത്തിലെ നിരോധനം തുടരാന്‍ കാരണമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com