ദീപാവലിക്ക് ശേഷം പുകമഞ്ഞില്‍ മൂടി രാജ്യതലസ്ഥാനം: വായുമലിനീകരണം ഒറ്റ ദിവസം കൊണ്ട് വന്‍തോതില്‍ കൂടി

പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടത്തിയതോടെയാണ് ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമായത്.
ദീപാവലിക്ക് ശേഷം പുകമഞ്ഞില്‍ മൂടി രാജ്യതലസ്ഥാനം: വായുമലിനീകരണം ഒറ്റ ദിവസം കൊണ്ട് വന്‍തോതില്‍ കൂടി

ദീപാവലി ആഘോഷത്തിന്റെ വെടിക്കെട്ട് ആഘോഷങ്ങള്‍ കഴിഞ്ഞതില്‍പ്പിന്നെ പുകമഞ്ഞ് മൂടി പരസ്പരം കാണാനാവാസ്ഥ അത്രയും മോശം അവസ്ഥയിലാണ് ഡല്‍ഹി നഗരം. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടത്തിയതോടെയാണ് ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമായത്. 'വളരെ മോശം' കാറ്റഗറിയിലാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത്.

ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാംപസിലാണ് ഏറ്റവുമധികം വായു മലിനീകരണപ്പെട്ടിട്ടുള്ളത്. ഇവിടെ വായുമലിനീകരണം ഏറ്റവും അപകടകരമായ 2000 ലെവലില്‍ എത്തി നില്‍ക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലാണ്.

ബുധന്‍ രാത്രി ഏഴ് മണിയോടെയാണ് ഡല്‍ഹി നഗരത്തില്‍ അന്തരീക്ഷ ഗുണനിലവാരം താഴാന്‍ തുടങ്ങിയത്. ഏഴ് മണിക്ക് അന്തരീക്ഷ ഗുണനിലവാര സൂചിക 281ലായിരുന്ന എങ്കില്‍ എട്ട് മണിയോടെ ഇത് 291 ആയി വര്‍ധിച്ചു. ഒന്‍പത് മണി ആയപ്പോഴേക്കും 294 ആയും പത്ത് മണിയോടെ 296 ആയും വായു മലിനീകരണ തോത് ഉയര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് പോലെ തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഉയര്‍ന്നിരിക്കുന്നത്.

ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദീപാവലിക്കും മറ്റ് ഉത്സവങ്ങള്‍ക്കും രാത്രി 8 മുതല്‍ 10 വരെ മാത്രമായിരുന്നു സുപ്രീം കോടതി പടക്കം പൊട്ടിക്കാനുളള അനുമതി നല്‍കിയിരുന്നത്. എന്നാല്‍ രാത്രി 10 മണിക്ക് ശേഷവും പലയിടങ്ങളിലും വെടിക്കെട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ട് കൂടിയാണ് അന്തരീക്ഷ മലിനീകരണം ഇത്രയും രൂക്ഷമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com