ബിജെപി വിയര്‍ക്കും; രാജസ്ഥാന്‍ കോണ്‍ഗ്രസ് ഭരിക്കും; ചത്തീസ്ഗഡ്, മധ്യപ്രദേശ് ഭരണകക്ഷിക്ക് മുന്‍തൂക്കം; അഭിപ്രായ സര്‍വെ

മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് അഭിപ്രായ സര്‍വെകള്‍ - രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടും 
ബിജെപി വിയര്‍ക്കും; രാജസ്ഥാന്‍ കോണ്‍ഗ്രസ് ഭരിക്കും; ചത്തീസ്ഗഡ്, മധ്യപ്രദേശ് ഭരണകക്ഷിക്ക് മുന്‍തൂക്കം; അഭിപ്രായ സര്‍വെ

ന്യൂഡല്‍ഹി: മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് അഭിപ്രായ സര്‍വെകള്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നും ഇന്ത്യ ടുഡേ നടത്തിയ പൊളിറ്റിക്കല്‍ എക്‌സചേഞ്ച് സര്‍വ്വേ പറയുന്നു.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. നഗരങ്ങളിലെ സീറ്റുകളില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെങ്കിലും ഗ്രാമപ്രദേശങ്ങളിലും അതാവില്ല സ്ഥിതി. ബിഎസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്‍ഹ യുവജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാണ്. എങ്കിലും ബിജെപി 52 ശതമാനം വോട്ട് സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. അതേ സമയം പോരാട്ടം കടുക്കുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നേക്കാമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയോട് കടുത്ത ദേഷ്യമുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. അഞ്ചോ ആറോ ശതമാനം വോട്ട് വ്യത്യാസം കോണ്‍ഗ്രസ് നേടുമെന്നും സര്‍വ്വേ പറയുന്നു.ചത്തീസ്ഗഡില്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇഞ്ചോടഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വ്വേ പറയുന്നു. എന്നാല്‍ അജിത്ത് ജോഗിയുടെ ജനത കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള സഖ്യം ബിജെപിയെ സഹായിച്ചേക്കാമെന്നും സര്‍വ്വേ പറയുന്നു. ഏഴ് ശതമാനത്തോളം വോട്ട് ഇവര്‍ സ്വന്തമാക്കിയേക്കും. അങ്ങനെ വന്നാല്‍ രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നേക്കാമെന്ന് പറയുന്നു സര്‍വ്വേ.

തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവു നടത്തിയ ക്ഷേമപദ്ധതികളുടെ ഗുണം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 75 ശതമാനം പേരും ടിആര്‍എസിനെ പിന്തുണക്കുന്നുവെന്നാണ് സര്‍വ്വേ ഫലം.

എബിപി സര്‍വെ പ്രകാരം ബിജെപിക്കാണ് മധ്യപ്രദേശില്‍ സാധ്യത പറയുന്നതെങ്കിലും മത്‌സരം കനക്കുമെന്നാണ് അഭിപ്രായ സര്‍വെ. ബിജെപി 111 മുതല്‍ 121 വരെ സീറ്റുകള്‍ നേടിയേക്കും. എന്നാല്‍ കോണ്‍ഗ്രസ് 111-121 സീറ്റുകള്‍ വരെ നേടിയേക്കും. കേവലഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകള്‍ മാത്രമാണ്. ചത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വെ ഫലം. 49 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 39 സീറ്റുകള്‍ വരെ നേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ പേര്‍ പരിഗണിച്ചത് രമണ്‍ സിംഗിനെയാണ്. 40 ശതമാനം പേരാണ് രമണ്‍സിംഗിനെ പിന്തുണയ്ക്കുന്നത്, അജിത് ജോഗിക്ക് 20 ശതമാനം പിന്തുണ മാത്രമാണ് ഉള്ളത്. മൂന്ന് സംസ്ഥാനത്തും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നാണ് സര്‍വെകള്‍ പറയുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com