റെയില്‍വെയുടെ വലിയൊരു തലവേദന ഒഴിയുന്നു; ആളില്ലാ ലെവല്‍ ക്രോസുകള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും ഇല്ലാതാകും: ഇനി മാറ്റാനുള്ളത് 77എണ്ണം മാത്രം

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന ആളില്ലാ ലെവല്‍ക്രോസുകള്‍ (യുഎംഎല്‍സി) ഒഴിവാക്കാനുള്ള റെയില്‍വെയുടെ ശ്രമങ്ങള്‍ വിജയം കാണുന്നു
റെയില്‍വെയുടെ വലിയൊരു തലവേദന ഒഴിയുന്നു; ആളില്ലാ ലെവല്‍ ക്രോസുകള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും ഇല്ലാതാകും: ഇനി മാറ്റാനുള്ളത് 77എണ്ണം മാത്രം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന ആളില്ലാ ലെവല്‍ക്രോസുകള്‍ (യുഎംഎല്‍സി) ഒഴിവാക്കാനുള്ള റെയില്‍വെയുടെ ശ്രമങ്ങള്‍ വിജയം കാണുന്നു. 2020ഓടെ ബ്രോഡ്‌ഗേജ് പാതകളിലുള്ള ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് 14,634 ആളില്ലാ ലെവല്‍ക്രോസുകള്‍ ആണ് ഉണ്ടായിരുന്നത്. ഇവയില്‍ 14,557 എണ്ണം മേല്‍പ്പാലങ്ങളോ സബ്‌വേകളോ പണിതോ, ജീവനക്കാരെ നിയമിച്ചോ ഒഴിവാക്കി. ശേഷിച്ച 77 എണ്ണം 2019 ഡിസംബറോടെ ഇല്ലാതാകുന്നതോടെ ആളില്ലാ ലെവല്‍ക്രോസുകള്‍ എന്ന റയില്‍വെയുടെ വലിയ തലവേദന ഒഴിവാക്കപ്പെടും. 2020ഓടെ ബ്രോഡ്‌ഗേജ് പാതകളിലുള്ള ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. 

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ച ട്രെയിന്‍ ദുരന്തങ്ങളെല്ലാം ആളില്ലാത്ത ലെവല്‍ക്രോസുകളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ബ്രോഡ്‌ഗേജ് ഒഴികെയുള്ള ലൈനുകളില്‍ നിലവില്‍ 2000ത്തോളം ആളില്ലാ ലെവല്‍ക്രോസുകളുണ്ട്. ഇവയും ഘട്ടംഘട്ടമായി ഒഴിവാക്കപ്പെടും.

ആളില്ലാ ലെവല്‍ക്രോസുകള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിനുള്ള നടപടി 2009 മുതലാണ് ആരംഭിച്ചത്. 2009-2010 കാലയളവില്‍ 930 യുഎംഎല്‍സികള്‍ ഒഴിവാക്കി. തുടര്‍ന്നുള്ള സാമ്പത്തികവര്‍ഷങ്ങളിലെല്ലാം 1000ത്തിനും 1500നും ഇടയില്‍ ലെവല്‍ക്രോസുകള്‍ മാറ്റിയെങ്കില്‍ 2018-19 കാലയളവില്‍ ആദ്യ ഏഴ് മാസത്തിനുള്ളില്‍ 3401 യുഎംഎല്‍സികള്‍ മേല്‍പ്പാലങ്ങളായോ സബ്‌വേകളായോ മാറ്റാന്‍ റെയില്‍വെയ്ക്ക് കഴിഞ്ഞു. 

2009-10 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ 376 അപകടങ്ങളാണ് ആളില്ലാ ലെവല്‍ക്രോസുകളില്‍ ഉണ്ടായത്. ഇവയില്‍ പലതും വലിയ ജീവഹാനിക്ക് കാരണമായവ ആയിരുന്നു. 2018-19 കാലയളവില്‍ ഇതുവരെ മൂന്ന് അപകടങ്ങള്‍ മാത്രമേ യുഎംഎല്‍സിയില്‍ ഉണ്ടായിട്ടുള്ളു. രാജ്യത്തെ 12 റയില്‍വേ സോണുകളിലും മണിക്കൂറില്‍ 130 കി.മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ട്രെയിന്‍ ഓടുന്ന റൂട്ടുകളില്‍ യുഎംഎല്‍സികള്‍ ഒഴിവാക്കിക്കഴിഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 26ന് യുപിയിലെ ഖുശി നഗറിലുള്ള ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആളില്ലാ ലെവല്‍ക്രോസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇല്ലാതാക്കാന്‍ റെയില്‍വെ ബോര്‍ഡ് ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com