ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ ;  പോളിംഗ് മാവോയിസ്റ്റ് മേഖലകളില്‍, മുഖ്യമന്ത്രി രമണ്‍ സിംഗിന് നിര്‍ണായകം

ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ ;  പോളിംഗ് മാവോയിസ്റ്റ് മേഖലകളില്‍, മുഖ്യമന്ത്രി രമണ്‍ സിംഗിന് നിര്‍ണായകം

മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവാണ് നാളെ പോളിഗം ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്

റായ്പൂര്‍: ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബസ്തര്‍ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

ഛത്തിസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇടങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറില്‍ 12 ഉം രാജ്‌നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് നടക്കും.  ബസ്തറിലെ 12 സീറ്റില്‍ എട്ടും രാജ്‌നനന്ദഗാവിലെ ആറ് സീറ്റില്‍ നാലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു.

മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവാണ് നാളെ പോളിഗം ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്. നാലാംവട്ടം ജനഹിതം തേടുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്. മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നു. നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. 

സംസ്ഥാനത്ത് സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ചിലതും ബസ്തര്‍ മേഖലയിലാണ്. ദണ്ഡേവാഡ സീറ്റില്‍ ഒമ്പതായിരവും ചിത്രകൂട് സീറ്റില്‍ പതിനായിരവും ആയിരുന്നു കഴിഞ്ഞതവണ നോട്ടയുടെ എണ്ണം. 

അതേസമയം വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ് ഉള്ളത്. ബസ്തര്‍, രാജ്‌നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി മുന്‍തൂക്കമുള്ളത്. ഭരണ വിരുദ്ധ വികാരം ഇത്തവണ തുണയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com