പട്ടേലിന്റെ പ്രതിമയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്; പതിനൊന്ന് ദിവസത്തിനകം സന്ദര്‍ശിച്ചത് 1.28 ലക്ഷം ആളുകള്‍, വാരാന്ത്യത്തില്‍ മാത്രം 50,000 പേര്‍

പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്
പട്ടേലിന്റെ പ്രതിമയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്; പതിനൊന്ന് ദിവസത്തിനകം സന്ദര്‍ശിച്ചത് 1.28 ലക്ഷം ആളുകള്‍, വാരാന്ത്യത്തില്‍ മാത്രം 50,000 പേര്‍

വഡോദര: നിര്‍മ്മാണ ചെലവിലും അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുളളതെന്നുമുളള കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശകരുടെ എണ്ണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്. 

ഐക്യപ്രതിമ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുളള പ്രതിമ കാണാന്‍ ഇതുവരെ 1.28 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ഗുജറാത്ത് അധികൃതര്‍ പറയുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത് മുതല്‍ തുടര്‍ന്നുളള 11 ദിവസത്തെ കണക്കാണിത്. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം 50000 പേരാണ് ഇവിടെ എത്തിയത്. 

കേവാദിയ ഗ്രാമത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാമിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ നാടിന് സമര്‍പ്പിച്ചത്. തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 10000 സന്ദര്‍ശകര്‍ എന്ന നിലയിലാണ് പ്രതിമ  കാണാന്‍ എത്തിയത്.

 2017ല്‍ ഗുജറാത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏകദേശം അഞ്ചരകോടി സന്ദര്‍ശകര്‍ ഗുജറാത്തില്‍ എത്തിയെന്ന് സാരം. ഉരുക്കുമനുഷ്യനായി അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയ്ക്കായി പണിത പ്രതിമ ഗുജറാത്തിന്റെ ടൂറിസം വികസനത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com