ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ആക്രമണം: പിന്നില്‍ ബിജെപിയെന്ന് ആരോപണം

വെള്ളിയാഴ്ച വൈകിട്ട് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ആക്രമണം: പിന്നില്‍ ബിജെപിയെന്ന് ആരോപണം

അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക്ക് സര്‍ക്കാരിന് നേരെ ആക്രമണം. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. നവംബര്‍ വിപ്ലവ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. 

ഇതിനു ശേഷം സിപിഎം ഓഫിസിലെത്തിയ മണിക് സര്‍ക്കാരിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് വയ്ക്കുകയും ചെയ്തതായി സിപിഎം നേതൃത്വം ആരോപിച്ചു. മണിക് സര്‍ക്കാരിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന എംഎല്‍എ നാരായണ്‍ ചൗധരിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവരെ പിന്നീട് പൊലീസ് രക്ഷപ്പെടുത്തി അഗര്‍ത്തലയില്‍ എത്തിക്കുകയായിരുന്നു. 

ത്രിപുര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ അക്രമത്തെ അപലപിച്ചു. എതിര്‍ ശബ്ദങ്ങളോട് ബി.ജെ.പി അസഹിഷ്ണുത കാണിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും ബിജെപി വക്താവ് ഡോ. അശോക് സിന്‍ഹ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com