ബംഗാളിലും സിബിഐയ്ക്ക് വിലക്ക്;  സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കാലത്ത് അനുമതിയെ കുറിച്ച് ആലോചിക്കാമെന്ന് മമതാ ബാനര്‍ജി

ആന്ധ്രാ പ്രദേശില്‍ സിബിഐക്ക് ചന്ദ്രബാബു നായിഡു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗാളിലും നിയന്ത്രണവുമായി മമതാ ബാനര്‍ജി. ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള പ്രവര്‍ത്തനമാണ് 
ബംഗാളിലും സിബിഐയ്ക്ക് വിലക്ക്;  സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കാലത്ത് അനുമതിയെ കുറിച്ച് ആലോചിക്കാമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ആന്ധ്രാ പ്രദേശില്‍ സിബിഐക്ക് ചന്ദ്രബാബു നായിഡു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗാളിലും നിയന്ത്രണവുമായി മമതാ ബാനര്‍ജി. ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള പ്രവര്‍ത്തനമാണ് സിബിഐയുടേത്. സ്വതന്ത്ര പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കാലത്ത് സിബിഐയ്ക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും ഉന്നതതല യോഗത്തിന് ശേഷം അവര്‍ വ്യക്തമാക്കി. ബംഗാളിലെ കേസുകള്‍ അന്വേഷിക്കുന്നതിന് പുറമേ ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് എത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
 

ആന്ധ്രയില്‍ സിബിഐ വരേണ്ടെന്ന ചന്ദ്രബാബു നായിഡുവിന്റെ നിലപാടിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചതും മമതയായിരുന്നു. ഇതിന് പിന്നാലെ ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്താണ് പശ്ചിമ ബംഗാളിലും സിബിഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി അവര്‍ പ്രഖ്യാപിച്ചത്.

1989 ല്‍ അധികാരത്തിലുണ്ടായിരുന്ന ഇടത് സര്‍ക്കാരാണ് സിബിഐയ്ക്ക് ബംഗാളില്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്താന്‍ അനുവാദം നല്‍കിയിരുന്നത്. ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ പറയുന്നത്. ഇതോടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെയുള്ള അന്വേഷങ്ങള്‍ നടത്താം എന്നല്ലാതെ സ്വതന്ത്രമായ അന്വേഷങ്ങള്‍ ബംഗാളില്‍ സിബിഐയ്ക്ക് സാധ്യമല്ല. 

തൃണമൂല്‍ നേതാക്കള്‍ പ്രതികളായുള്ള  ശാരദാ ചിട്ടി തട്ടിപ്പ് കേസ്, നാരദ സ്റ്റിങ് , റോസ് വാലി തട്ടിപ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണത്തെയും ഈ ഉത്തരവ് ബാധിക്കും. 

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎയുടെ സഖ്യകക്ഷി ആയിരുന്നുവെങ്കിലും ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു. മാര്‍ച്ചോടെ ഈ സഖ്യം അവസാനിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com