രജനീകാന്തിന്റെ ചിത്രം പതിച്ച ഭക്ഷണ പാക്കറ്റുകള്‍; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ 'പബ്ലിസിറ്റി', തമിഴ്‌നാട്ടില്‍ പ്രതിഷേധം

ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലാണ് തമിഴ് സൂപ്പര്‍താരത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത്.  ആരാധകര്‍ ചെയ്തതാവുമെന്നും രജനീകാന്ത് ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും അദ്ദേഹത്തി
രജനീകാന്തിന്റെ ചിത്രം പതിച്ച ഭക്ഷണ പാക്കറ്റുകള്‍; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ 'പബ്ലിസിറ്റി', തമിഴ്‌നാട്ടില്‍ പ്രതിഷേധം

മധുരൈ:  ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസത്തിന്റെ മറവില്‍ രജനീകാന്തിന്റെ 'പ്രമോഷന്‍' നടക്കുന്നതായി ആക്ഷേപം. ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലാണ് തമിഴ് സൂപ്പര്‍താരത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത്.  ആരാധകര്‍ ചെയ്തതാവുമെന്നും രജനീകാന്ത് ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.  

ജനങ്ങളുടെ നിസ്സഹായവസ്ഥയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാഷ്ട്രീയ പ്രവേശത്തിനുള്ള സ്വീകാര്യത ഇങ്ങനെയല്ല രജനീകാന്തിനെ പോലുള്ള ഒരാള്‍ നിര്‍മ്മിക്കേണ്ടതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ചെന്നൈയില്‍ പ്രളയ കാലത്ത് വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലും അവശ്യ വസ്തുക്കളിലും ജയലളിതയുടെ ചിത്രം പതിച്ചതിനെതിരെ മുമ്പ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ലോറികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്താണ് ' അമ്മ' സ്റ്റിക്കറുകള്‍ അന്ന് പതിച്ചത്. 

തമിഴ്‌നാടിനെ വിറപ്പിച്ച 'ഗജ' ചുഴലിക്കാറ്റില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 100-110 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ വലിയ നാശ നഷ്ടങ്ങളാണ് നാഗപട്ടണത്തിലും വേദാരണ്യത്തിലും ഉണ്ടായത്. തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഗജ തമിഴ്‌നാട് തീരം കടന്ന് ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com