നായിഡുവിന്റെ സമ്പാദ്യം മൂന്നു കോടി, മൂന്നു വയസുകാരന്‍ കൊച്ചുമകന്റേത് 18 കോടി! വീടുവച്ചത് അഞ്ചു കോടി വായ്പയെടുത്തിട്ടെന്ന് സത്യവാങ്മൂലം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ അപേക്ഷിച്ച് 'സാധാരണക്കാരനാണ്' ആന്ധ്രാ മുഖ്യമന്ത്രി. 22.60 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആസ്തിയായി തെലങ്കാന മുഖ്യമന്ത്രി 
നായിഡുവിന്റെ സമ്പാദ്യം മൂന്നു കോടി, മൂന്നു വയസുകാരന്‍ കൊച്ചുമകന്റേത് 18 കോടി! വീടുവച്ചത് അഞ്ചു കോടി വായ്പയെടുത്തിട്ടെന്ന് സത്യവാങ്മൂലം


ഹൈദരാബാദ്: രണ്ട് കോടി 99 ലക്ഷം രൂപയാണ് സ്വന്തം പേരില്‍ സമ്പാദ്യമായുള്ളതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സത്യവാങ്മൂലം.  വീട് നിര്‍മ്മിച്ചത് അഞ്ച് കോടി 31 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വായ്പ എടുത്തിട്ടാണെന്നും സ്വന്തമായി 93 മോഡല്‍ അംബാസഡര്‍ കാറാണുള്ളതെന്നും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. സമ്പാദ്യത്തില്‍ 18 ശതമാനം വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് വര്‍ഷമായി നായിഡു കുടുംബം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ അപേക്ഷിച്ച് 'സാധാരണക്കാരനാണ്' ആന്ധ്രാ മുഖ്യമന്ത്രി. 22.60 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആസ്തിയായി തെലങ്കാന മുഖ്യമന്ത്രി രേഖപ്പെടുത്തിയിരിക്കുന്നത്. 

കൊച്ചുമകനായ ദേവാന്‍ഷാണ് മുഖ്യമന്ത്രിയെക്കാളും സമ്പന്നന്‍ .  18 കോടി 71 ലക്ഷം രൂപയാണ് മൂന്ന് വയസ്സുകാരനായ ദേവാന്‍ഷിന്റെ പേരില്‍ നിക്ഷേപമുള്ളത്. ഐടി- പഞ്ചായത്ത് രാജ് മന്ത്രിയായ നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന്റെ വരുമാനത്തില്‍ 30 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മാത്രം 31 കോടി രൂപയുടെ സമ്പാദ്യമുണ്ട്. 

വരുമാനത്തില്‍ അനധികൃതമായ വര്‍ധനയുണ്ടെന്ന് നാരാ ലോകേഷിനെതിരെ പ്രതിപക്ഷം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. സ്വത്ത് വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സ്വത്തുക്കള്‍ നല്‍കാമെന്നും ലോകേഷ് വാഗ്ദാനം ചെയ്തിട്ടുണ്ട്. താനും കുടുംബവും വെളിപ്പെടുത്തിയത് പോലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗനും ജനസേനാ പാര്‍ട്ടിയുടെ പവന്‍ കല്യാണും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തട്ടെയെന്നും ലോകേഷ് വെല്ലുവിളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com