ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പടയോട്ടം , സിപിഎമ്മിന് നാല് സീറ്റുകള്‍ മാത്രം

ഗ്രാമ പഞ്ചായത്തുകളിലെ 130 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു
ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പടയോട്ടം , സിപിഎമ്മിന് നാല് സീറ്റുകള്‍ മാത്രം

അഗര്‍ത്തല: ത്രിപുരയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം. ഗ്രാമ പഞ്ചായത്തുകളിലെ 130 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തികച്ചും സമാധാന പരമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും, അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.കാമേശ്വര റാവു വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടന്ന ഏഴില്‍ അഞ്ച് പഞ്ചായത്ത് സമിതികളിലും ബി.ജെ.പിയും സഖ്യകക്ഷിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ടുമാണ് വിജയിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും സി.പി.എമ്മിനും നാല് സീറ്റുകള്‍ വീതമാണ് വിജയിക്കാനായത്. അതേസമയം ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒമ്പതു സീറ്റുകളില്‍ വിജയിച്ചു. 

ഖോവൈ റൂറല്‍ ഡെവലപ്പ്‌മെന്റ് ബ്ലോക്കിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം അഞ്ചിന് നടത്തുമെന്ന് കാമേശ്വര റാവു പറഞ്ഞു. ഫലം ഏഴിന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ 3207 പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇതില്‍ 96 ശതമാനം സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരുണ്ടായിരുന്നില്ല. ബാക്കിയുണ്ടായിരുന്ന 136 സീറ്റുകളിലേക്കാണ് സെപ്തംബര്‍ 30ന് തിരഞ്ഞെടുപ്പ് നടന്നത്. 

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധത വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞെന്നും, ബിജെപി സര്‍ക്കാരിനുള്ള പിന്തുണയോണ് മികച്ച വിജയം വ്യക്തമാക്കുന്നതെന്നും ബിജെപി നേതാവ് അശോക് സിന്‍ഹ അഭിപ്രായപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പി അട്ടിമറിച്ചെന്നും സംസ്ഥാനത്ത് നടന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ബിജെപിയുടെ വിജയം കായികശക്തി ഉപയോഗിച്ചാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com