തമിഴകത്ത് വീണ്ടും രാഷ്ട്രീയ കരുനീക്കം ? ; സര്‍ക്കാരിനെ മറിച്ചിട്ട് ഒപിഎസ് തന്റെ ഒപ്പം വരാന്‍ തയ്യാറെന്ന് ടിടിവി ദിനകരന്‍

അമ്മ മക്കള്‍ മുന്നേറ്റ കഴകം തലവന്‍ ടിടിവി ദിനകരന്റെ വെളിപ്പെടുത്തലാണ് തമിഴകത്ത് ചൂടേറിയ ചര്‍ച്ചയാകുന്നത്
തമിഴകത്ത് വീണ്ടും രാഷ്ട്രീയ കരുനീക്കം ? ; സര്‍ക്കാരിനെ മറിച്ചിട്ട് ഒപിഎസ് തന്റെ ഒപ്പം വരാന്‍ തയ്യാറെന്ന് ടിടിവി ദിനകരന്‍

ചെന്നൈ : അല്‍പ്പകാലത്തെ ഇടവേളയ്ക്ക് ശേഷം തമിഴകം വീണ്ടും രാഷ്ട്രീയ കളികളുടെ കേന്ദ്രമാകുന്നു. അമ്മ മക്കള്‍ മുന്നേറ്റ കഴകം തലവന്‍ ടിടിവി ദിനകരന്റെ വെളിപ്പെടുത്തലാണ് തമിഴകത്ത് ചൂടേറിയ ചര്‍ച്ചയാകുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, പളനിസ്വാമി സര്‍ക്കാരിനെ മറിച്ചിട്ട് തന്റെ ഒപ്പം വരാന്‍ തയ്യാറാണെന്നാണ് ദിനകരന്റെ വെളിപ്പെടുത്തല്‍. 

കൂടിക്കാഴ്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പനീര്‍ശെല്‍വം സെപ്തംബര്‍ അവസാന വാരം മധ്യസ്ഥന്‍ മുഖേന സമീപിച്ചിരുന്നു എന്നും ദിനകരന്‍ പറഞ്ഞു. സര്‍ക്കാരില്‍ പ്രമുഖ സ്ഥാനമാണ് ഒപിഎസ് ആവശ്യപ്പെട്ടതെന്നും ദിനകരന്‍ വ്യക്തമാക്കി. ഒപിഎസ് ഇരട്ട നിലപാട് തുടരുന്നതിനാലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദിനകരന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം മധുരയില്‍ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ പളനിസ്വാമി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായിഒപിഎസ് പറഞ്ഞിരുന്നു. അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടിപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

പളനിസ്വാമി-പനീര്‍ശെല്‍വം ലയനത്തിന് മുമ്പ്, 2017 ജൂലൈ 12 ന്  ഒപിഎസ് താനുമായി ചര്‍ച്ച നടത്തിയിരുന്നു. തന്നെ മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു പനീര്‍ശെല്‍വം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ആകുകയാണ് ഒപിഎസിന്റെ നീക്കങ്ങളുടെ ലക്ഷ്യമെന്നും ദിനകരന്‍ ആരോപിച്ചു. ഒപിഎസ്-ദിനകരന്‍ കൂടിക്കാഴ്ചയുടെ വീഡിയോ തന്റെ പക്കലുണ്ടെന്ന് ദിനകരന്‍ അനുയായിയായ മുന്‍ എംഎല്‍എ തങ്കതമിഴ് സെല്‍വന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com