തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ മോദി തന്നെ, 276 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ

രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വേ
തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ മോദി തന്നെ, 276 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വേ. ഇപ്പോള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍  276 സീറ്റുകള്‍ നേടി മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എബിപിന്യൂസ്- സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.ബിജെപിക്ക് 38 ശതമാനം വോട്ടുവിഹിതം ലഭിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യുപിഎ 112 സീറ്റുകളില്‍ ചുരുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

റഫേല്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിരോധത്തിലായ മോദി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് സര്‍വേ കണക്കുകള്‍.  എന്‍ഡിഎ മുന്നണിക്ക് 38 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്ന് പ്രവചിക്കുന്ന സര്‍വേയില്‍ യുപിഎയ്ക്ക് 25 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതരപാര്‍ട്ടികള്‍ ഒന്നടങ്കം 155 സീറ്റുകള്‍ നേടും. 37 ശതമാനം വോട്ടുവിഹിതത്തോടെ യുപിഎ മുന്നണിയേക്കാള്‍ മികച്ച പ്രകടനം മറ്റുപാര്‍ട്ടികള്‍ ഒന്നടങ്കം കാഴ്ചവെയ്ക്കുമെന്നും സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഒഡീഷയില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റുകള്‍ നേടും. ഹരിയാനയിലും ഒഡീഷ ആവര്‍ത്തിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം തൂത്തൂവാരുമെന്ന് പറയുന്ന സര്‍വേയില്‍ ബിജെപി ഭരണം കൈയാളുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെ നിഷ്പ്രഭമാക്കി ബിജെപി എല്ലാ സീറ്റുകളിലും വിജയിക്കും.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള വിശാലഐക്യം ബിജെപിക്ക് തിരിച്ചടിയാകും. പകുതിയിലധികം സീറ്റുകള്‍ വിശാലസഖ്യം നേടും. എങ്കിലും സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവയുടെ സഹകരണം ഇല്ലായെങ്കില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. 

ബീഹാറില്‍ നിലവിലെ സഖ്യം തുടര്‍ന്നാല്‍ എന്‍ഡിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കും. മഹാരാഷ്ട്രയില്‍ ശിവസേനയുമായുളള കൂട്ടുകെട്ട് തകര്‍ച്ചയുടെ വക്കിലാണെങ്കിലും, അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ശിവസേനയുമായുളള ബന്ധം പിരിഞ്ഞാല്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

പഞ്ചാബ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടം കൈവരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com