രാജ്യത്തിന് ഭീഷണിയായി ഉഷ്ണക്കാറ്റ്; ഭക്ഷ്യക്ഷാമത്തിനും വന്‍ ജീവനാശത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്  

വരുംനാളുകളിലും ഉഷ്ണക്കാറ്റ് രാജ്യത്തിന് ഭീഷണിയാകുമെന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിന്റെ മുന്നറിയിപ്പ്
രാജ്യത്തിന് ഭീഷണിയായി ഉഷ്ണക്കാറ്റ്; ഭക്ഷ്യക്ഷാമത്തിനും വന്‍ ജീവനാശത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്  

നാഗ്പുര്‍: വരുംനാളുകളിലും ഉഷ്ണക്കാറ്റ് രാജ്യത്തിന് ഭീഷണിയാകുമെന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിന്റെ മുന്നറിയിപ്പ്. 2015ല്‍ കൊടും ചൂടില്‍ ഇന്ത്യയില്‍ 2500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വ്യാവസായിക വിപ്ലവത്തിന് മുന്‍പുളള അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ താപം രണ്ടു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ രാജ്യം കൊടും ചൂടിനെ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും. 2030നും 2052നും ഇടയിലുളള കാലഘട്ടത്തില്‍ ആഗോള താപനത്തില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന രേഖപ്പെടുത്തും. ഇന്ത്യന്‍ ഉപദ്വീപില്‍ ഇതിന്റെ പ്രതിഫലനം ഏറ്റവുമധികം പ്രകടമാകുക കൊല്‍ക്കത്തയിലും പാകിസ്ഥാനിലെ കറാച്ചിയിലുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും അത്യുഷ്ണം തന്നെ നേരിടേണ്ടിവരും. കാലാവസ്ഥാ മാറ്റം മരണനിരക്കിനെയും സ്വാധീനിക്കുമെന്നും പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു.

ആഗോള താപനം മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കും. ദശലക്ഷക്കണക്കിനു പേര്‍ക്കു ജീവന്‍ നഷ്ടമാകാനും ഇത് കാരണമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാഷിങ്ടന്‍ സര്‍വകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കര്‍ എന്നിവയില്‍നിന്നുള്ള വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു ഭക്ഷ്യ ക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗര്‍ലഭ്യം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ദാരിദ്ര്യവും പല മടങ്ങു കൂടും.

ഐപിസിസിയുടെ പഠനം പ്രകാരം ആഗോള താപനത്തോടൊപ്പം തന്നെ ദാരിദ്ര്യവും വര്‍ധിക്കും. ആഗോള താപനം രണ്ടു ഡിഗ്രിയില്‍നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ പ്രശ്‌നങ്ങളിലും ദാരിദ്ര്യത്തിലും അകപ്പെടുന്നവരുടെ വ്യാപ്തി കുറയ്ക്കാനാകുമെന്നാണു പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നു. ഇന്ത്യയില്‍ ആണവോര്‍ജ മേഖലയില്‍നിന്നുമാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറന്തള്ളിയത് 929 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com