ജയ്പൂരില്‍ 29 പേര്‍ക്ക് സികാ  വൈറസ് ബാധ സ്ഥിരീകരിച്ചു; ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശം, പരിഭ്രാന്തരാകേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ശാസ്ത്രി നഗറില്‍ അയല്‍വാസികളായ ഏഴ് പേരിലാണ് സെപ്തംബര്‍ 24 ന് സികാ ബാധ റിപ്പോര്‍ട്ട് ചെയ്തത്. സികാ ബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന
ജയ്പൂരില്‍ 29 പേര്‍ക്ക് സികാ  വൈറസ് ബാധ സ്ഥിരീകരിച്ചു; ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശം, പരിഭ്രാന്തരാകേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജയ്പൂര്‍:  ജയ്പൂരിലെ 29 പേര്‍ക്ക് സികാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിഭാന്ത്രരാകേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രാലയം വ്യക്തമാക്കി.  ഗര്‍ഭിണികളായ സ്ത്രീകളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി . ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങളുണ്ടാക്കാന്‍ പോന്നതാണ് വൈറസെന്നതിനാലാണ് ഇത്തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. 

ശാസ്ത്രി നഗറില്‍ അയല്‍വാസികളായ ഏഴ് പേരിലാണ് സെപ്തംബര്‍ 24 ന് സികാ ബാധ റിപ്പോര്‍ട്ട് ചെയ്തത്. സികാ ബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വളരെ മികച്ച രീതിയില്‍ ആരോഗ്യരംഗം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് തുടക്കത്തില്‍ തന്നെ വൈറസ്ബാധ തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. 

ജയ്പൂരില്‍ വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചതോടെ ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിക ബാധയുള്ള വിദ്യാര്‍ത്ഥി ബിഹാറിലെ സിവാന്‍ ജില്ലയിലുള്ള വീട്ടിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പരീക്ഷയെഴുതുന്നതിനായി ആഗസ്റ്റ് 28ന് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥി സെപ്തംബര്‍ 12 നാണ് ജയ്പൂരിലേക്ക് മടങ്ങി വന്നത്. ഇയാളുടെ കുടുംബാംഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഏഴംഗ ഉന്നത സമിതി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തോടൊപ്പം ജയ്പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജയ്പൂരില്‍ സികാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെ 86 രാജ്യങ്ങളില്‍ ഇതിനകം സികാ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി, പനി, പേശീ വേദന, തലവേദന, തുടങ്ങിയ ലക്ഷണങ്ങള്‍ തന്നെയാണ് സികാ ബാധിതരും പ്രകടിപ്പിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി അഹമ്മദാബാദിലാണ് ഇന്ത്യയില്‍ ആദ്യം സിക റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ജൂലൈയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് തവണയും വൈറസ് ബാധ പൂര്‍ണമായും മാറ്റാന്‍ സാധിച്ചിരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com