ഐഎൻഎക്സ് മീഡിയ അഴിമതി : കാർത്തി ചിദംബരത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടി

ബാങ്ക് നിക്ഷേപം അടക്കം 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
ഐഎൻഎക്സ് മീഡിയ അഴിമതി : കാർത്തി ചിദംബരത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടി

ന്യൂഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടുകെട്ടി. ബാങ്ക് നിക്ഷേപം അടക്കം 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയ്ക്ക് പുറമേ, ഇം​ഗ്ലണ്ടിലെയും സ്പെയിനിലെയും സ്വത്തുകളാണ് കണ്ടുകെട്ടിയത്. 

ന്യൂഡൽഹിയിലെ ജോർബാ​ഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലെ ബം​ഗ്ലാവുകൾ, ഇം​ഗ്ലണ്ടിലെ വീട്, സ്പെയിനിലെ ബാർസലോണയിലെ വസ്തു എന്നിവ കണ്ടു കെട്ടിയവയിൽ ഉൾപ്പെടുന്നു. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻ.എക്സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2008ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. 

ഇതിന്‍റെ മറവിൽ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ കോഴവാങ്ങിയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. 

ഐ.എൻ.എക്സ് മീഡിയ കേസിൽ നേരത്തെ പി.ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍രെയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കാര്‍ത്തി ചിദംബരം ഐഎൻഎക്സ് മീഡിയയിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ സിബിഐക്ക് കിട്ടി.

4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com