ബിജെപിയില്‍ ചേര്‍ന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് മനംമാറ്റം; ഒരു ദിവസത്തെ കഥ ഇങ്ങനെ 

തെലങ്കാനയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ അവിടെ തുടര്‍ന്നത് നിമിഷങ്ങള്‍ മാത്രം
ബിജെപിയില്‍ ചേര്‍ന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് മനംമാറ്റം; ഒരു ദിവസത്തെ കഥ ഇങ്ങനെ 

ഹൈദരാബാദ്: തെലങ്കാനയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ അവിടെ തുടര്‍ന്നത് നിമിഷങ്ങള്‍ മാത്രം. ബിജെപിയില്‍ അംഗമായി 10 മിനിറ്റ് മാത്രം തുടര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോയത്. തന്റെ തീരുമാനം പ്രവര്‍ത്തകരില്‍ വളരെയധികം  വിഷമമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിലേക്കുളള തിരിച്ചുപോക്കിനെ കുറിച്ച് അവര്‍ പറയുന്നത്. 

വ്യാഴാഴ്ച രാവിലെയാണ് പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പദ്മിനിയുടെ തീരുമാനം  സംസ്ഥാനത്ത് ബിജെപിയുടെ സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് ലക്ഷ്മണന്‍ പ്രതികരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് ബിജെപിയില്‍ ചേരാന്‍ പദ്മിനിയെ പ്രേരിപ്പിച്ചത്. ഒരു കുടുംബത്തിന് ഒന്നിലധികം സീറ്റുകള്‍ നല്‍കേണ്ടതില്ല എന്ന് തെലുങ്കാന കോണ്‍ഗ്രസ് തീരുമാനിച്ചതായുളള റിപ്പോര്‍ട്ടുകളാണ് പദ്മിനിയെ ബിജെപിയിലേക്ക് അടുപ്പിച്ചത്. 
 
എന്നാല്‍ വൈകുന്നേരമായപ്പോള്‍ തീരുമാനത്തില്‍ പദ്മിനിക്ക് മനംമാറ്റം ഉണ്ടാവുകയായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല ,താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പദ്മിനി അറിയിച്ചു. രാത്രിയോടെ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയും ചെയ്തു പദ്മിനി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് തീരുമാനം പിന്‍വലിച്ചതെന്ന് പദ്മിനി പറഞ്ഞു. 

കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിവുളള വ്യക്തിയാണ് പദ്മിനിയെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിക്കുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നാണ് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച്  രാജനരസിംഹ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com