വാരണാസിയില്‍ മോദിയെ നേരിടാന്‍ ശത്രുഘ്നന്‍ സിന്‍ഹ? ; സമാജ്‌വാദി പാര്‍ട്ടിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍സിന്‍ഹയെ കളത്തിലിറക്കാന്‍ നീക്കം
വാരണാസിയില്‍ മോദിയെ നേരിടാന്‍ ശത്രുഘ്നന്‍ സിന്‍ഹ? ; സമാജ്‌വാദി പാര്‍ട്ടിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍സിന്‍ഹയെ കളത്തിലിറക്കാന്‍ നീക്കം. ക്ഷേത്രനഗരമായ വാരണാസിയില്‍ മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായി മുന്‍ ബോളിവുഡ് താരത്തെ നിര്‍ത്താന്‍ പാര്‍ട്ടിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോദി വാരണാസിയില്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി ഇതുവരെ കൈക്കൊണ്ടിട്ടില്ല.

കഴിഞ്ഞ കുറെ നാളുകളായി മോദിയെ വിമര്‍ശിക്കുന്ന പ്രമുഖരുടെ കൂട്ടത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ സ്ഥാനം. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങി വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ മോദിയെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. നിലവില്‍ ബിജെപിയില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് മുന്‍ ബോളിവുഡ് താരം.

കഴിഞ്ഞ ദിവസം ജയ്പ്രകാശ് നാരായണന്റെ ജന്മവാര്‍ഷികത്തില്‍ സമാജ്‌വാദി പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങില്‍ യശ്വന്ത് സിന്‍ഹയൊടൊപ്പം ശത്രുഘ്‌നന്‍സിന്‍ഹയും പങ്കെടുത്തിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ എസ്പിയുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് എസ്പി വൃത്തങ്ങള്‍ പറയുന്നു.

ബിജെപി വിട്ട് പുറത്തുവന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ സിന്‍ഹയെ മത്സരിപ്പിക്കാനാണ് എസ്പി ആലോചിക്കുന്നത്. ബീഹാറിന് സമീപമുളള മണ്ഡലമെന്ന നിലയില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് വാരണാസിയില്‍ നല്ല സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ ആക്രമണഭീതിയില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്നും നാട്ടിലേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്. ഇത് വാരണാസിയില്‍ മോദിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും എതിരാളികള്‍ കണക്കുകൂട്ടുന്നു. ഇത് പ്രയോജനപ്പെടുത്താന്‍ നല്ല സ്ഥാനാര്‍ത്ഥിയെ മോദിക്ക് എതിരാളിയായി മത്സരിപ്പിക്കണമെന്ന ചിന്തയുമാണ് ശത്രുഘ്‌നന്‍സിന്‍ഹയുടെ പേര് ഉയര്‍ന്നുവരാന്‍ മറ്റൊരു കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com