നിര്‍ത്തുന്നത് പോയിട്ട് വേഗത പോലും കുറച്ചില്ല; അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോ പൈലറ്റ് നുണ പറയുന്നെന്ന് ദൃക്‌സാക്ഷികള്‍

അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോ പൈലറ്റ് പൊലീസിനും റെയില്‍വെ അധികൃതര്‍ക്കും നല്‍കിയ മൊഴി നുണയാണെന്ന് ദൃക്‌സാക്ഷികള്‍.
നിര്‍ത്തുന്നത് പോയിട്ട് വേഗത പോലും കുറച്ചില്ല; അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോ പൈലറ്റ് നുണ പറയുന്നെന്ന് ദൃക്‌സാക്ഷികള്‍

അമൃത്സര്‍: അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോ പൈലറ്റ് പൊലീസിനും റെയില്‍വെ അധികൃതര്‍ക്കും നല്‍കിയ മൊഴി നുണയാണെന്ന് ദൃക്‌സാക്ഷികള്‍. ദസറ ആഘോഷത്തിനായി തടിച്ചുകൂടിയവര്‍ കല്ലെറിഞ്ഞതുകൊണ്ടാണ് ട്രെയിന്‍ നിര്‍ത്താതെ പോയത് എന്നായിരുന്നു ലോക്കോ പൈലറ്റിന്റെ മൊഴി. 61പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ഞാന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. നിര്‍ത്തുന്നത് പോയിട്ട്, ട്രെയിന്റെ വേഗത പോലും കുറച്ചില്ല. സെക്കന്റുകള്‍ക്കുള്ളിലാണ് ട്രെയിന്‍ ഞങ്ങളെ കടന്നുപോയത്-ദൃക്‌സാക്ഷികളിലൊരാളായ ശൈലേന്ദര്‍ സിങ് പറയുന്നു. 

നിരവധിപേര്‍ ഞങ്ങള്‍ക്ക് ചുറ്റും മരിച്ചും പരിക്കേറ്റും കിടക്കുമ്പോള്‍ ഞങ്ങള്‍ ട്രെയിനിന് കല്ലെറിയുന്നത് എങ്ങനെയാണ്? ഡ്രൈവര്‍ നുണപറയുകയാണ്-അദ്ദേഹം പറയുന്നു. 

ട്രാക്കില്‍ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ചെയ്തിരുന്നുവെന്ന് ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ആളുകളെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ നിരന്തരം ഹോണ്‍ മുഴക്കിയിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. 

ട്രെയിന്‍ നില്‍ക്കുന്ന അവസ്ഥയെത്തിയപ്പോള്‍ ആളുകള്‍ കല്ലെറിയാനാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ട്രെയിന്‍ വീണ്ടും ഓടിക്കുകയും അമൃത്സറിലെത്തിക്കുകയും അപകടത്തെ കുറിച്ച് അധികൃതരെ അറിയിക്കുകയും ചെയ്തു-ഡ്രൈവര്‍ പറയുന്നു. 

എന്നാല്‍ സംഭവ സ്ഥലത്ത് ട്രെയിന്‍ ഒരിക്കല്‍പ്പോലും വേഗത കുറച്ചില്ല എന്നാണ് ദൃക്‌സാക്ഷികള്‍ തറപ്പിച്ചു പറയുന്നത്. ട്രെയിന്‍ എത്ര വേഗത്തിലാണ് പോയതെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രെയിന്റെ പരമാവധി വേഗത മണിക്കൂറില്‍ 96 കിലോമീറ്ററാണ്. ഒഴിഞ്ഞ ട്രെയിന്‍ ആണെങ്കില്‍ എമര്‍ജന്‍സ് ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ 300 മീറ്ററിനുള്ളില്‍ നില്‍ക്കും. യാത്രക്കാരുള്ള വണ്ടിയാണെങ്കില്‍ 600 മീറ്ററിനുള്ളിലാകും നില്‍ക്കുക. അപകടം നടന്ന സമയത്ത് ട്രെയിന്റെ വേഗത 68 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ഫിറോസ്പൂര്‍ റയില്‍വെ ഡിവിഷണല്‍ മാനേജര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com