പ്രളയക്കെടുതിയില്‍ തകര്‍ന്നിട്ടും കേരളത്തിന് സഹായഹസ്തം നീട്ടി നാഗാലാന്‍ഡ് ;  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി 

കനത്ത മഴയെ  തുടര്‍ന്ന് കേരളത്തെപ്പോലെ പ്രളയക്കെടുതി നേരിടുകയാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡ്
പ്രളയക്കെടുതിയില്‍ തകര്‍ന്നിട്ടും കേരളത്തിന് സഹായഹസ്തം നീട്ടി നാഗാലാന്‍ഡ് ;  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി 

ന്യൂഡല്‍ഹി :  കനത്ത മഴയെ  തുടര്‍ന്ന് കേരളത്തെപ്പോലെ പ്രളയക്കെടുതി നേരിടുകയാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡും. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രളയക്കെടുതിയില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 5000 ഓളം പേര്‍ ഭവനരഹിതരായി. മണ്ണിടിച്ചിലിനെയും ഉരുള്‍ പൊട്ടലിനെയും തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. കനത്ത നാശനഷ്ടമാണ് നാഗാലാന്‍ഡില്‍ ഉണ്ടായത്. 

മഴക്കെടുതിയില്‍ വലയുമ്പോഴും കേരളത്തിലെ പ്രളയ ദുരന്തം നേരിടാന്‍ സഹായ ഹസ്തം നീട്ടുകയാണ് നാഗാലാന്‍ഡ് ജനത. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അനുശോചനം രേഖപ്പെടുത്തി. കൂടാതെ തങ്ങളാല്‍ കഴിയുന്ന സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും സംസ്ഥാനത്തെ ജനങ്ങളോട് നെഫ്യൂ റിയോ ആഹ്വാനം ചെയ്തു. 

കേരളത്തിലേതുപോലെ, നാഗാലാന്‍ഡിലെ പ്രളയം ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിട്ടില്ല. അതേസമയം കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ദേശീയ പാത അടക്കം പ്രധാന റോഡുകളെല്ലാം തകര്‍ന്നു. ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി, റോഡ്, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന് അടിയന്തരമായി 100 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി നെഫ്യൂ റിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com