തെലങ്കാനയുടെ യോഗി; പരിപൂര്‍ണാനന്ദയെ മുന്നില്‍നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി

തെലങ്കാന പിടിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമാനമായ വ്യക്തിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ബിജെപി നീക്കം
തെലങ്കാനയുടെ യോഗി; പരിപൂര്‍ണാനന്ദയെ മുന്നില്‍നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി

ഹൈദരാബാദ്: തെലങ്കാന പിടിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമാനമായ വ്യക്തിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ബിജെപി നീക്കം. സ്വാമി പരിപൂര്‍ണാനന്ദയെ മുന്നില്‍ നിര്‍ത്തി തെലുങ്കാന പിടിക്കാനാണ് ബിജെപി നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് തിരക്കിട്ടുളള ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ എംഎല്‍എ അല്ലെങ്കില്‍ എംപി സീറ്റിലേക്ക് ഹിന്ദു സന്യാസിയെ പരിഗണിക്കാനാണ് ബിജെപി ആലോചിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായാണ് വിവരം.

സെക്കന്ദരാബാദ് അല്ലെങ്കില്‍ മല്‍ക്കാജ്ഗിരി ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നില്‍ നിന്ന് പരിപൂര്‍ണാനന്ദയെ മത്സരിപ്പിക്കാനാണ് ആലോചന. നിയമസഭ സീറ്റിലേക്കാണ് മത്സരിപ്പിക്കാന്‍ ഉദേശിക്കുന്നതെങ്കില്‍ കാര്‍വാന്‍ അല്ലെങ്കില്‍ ചന്ദ്രയാന്‍ഗുട്ട എന്നി മണ്ഡലങ്ങളില്‍ ഒന്നും പരിഗണിക്കുന്നുണ്ട്. ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈന്ദവസംഘടനകള്‍ പരിപൂര്‍ണാനന്ദയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുന്നത്. അദ്ദേഹത്തിന് തെലങ്കാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതും ഹൈന്ദവവോട്ടുകള്‍ സമാഹരിക്കാന്‍ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകള്‍.

പത്തുദിവസം മുന്‍പ് സ്വാമി പരിപൂര്‍ണാനന്ദ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തിടെ നടന്ന ആര്‍എസ്എസ് യോഗത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഹൈദരാബാദ് നൈസാമിനേക്കാള്‍ മോശമായ നിലയിലാണ് തെലുങ്കാന മുഖ്യമന്ത്രി കെ സി  ചന്ദ്രശേഖരറാവു ഹിന്ദുക്കളോട് പെരുമാറുന്നതെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എം രാമരാജു ആരോപിച്ചു. സമാനമായ അനുഭവം പരിപൂര്‍ണാനന്ദ നേരിടുന്നതായി  രാമരാജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com