കൊടുത്ത ചോക്കലേറ്റ് തിരിച്ചുവാങ്ങുമ്പോള്‍ കുട്ടികള്‍ കരയും: പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍

കൊടുത്ത ചോക്കലേറ്റ് തിരിച്ചുവാങ്ങുമ്പോള്‍ കുട്ടികള്‍ കരയും: പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍
കൊടുത്ത ചോക്കലേറ്റ് തിരിച്ചുവാങ്ങുമ്പോള്‍ കുട്ടികള്‍ കരയും: പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യത്തെ കുട്ടികള്‍ക്കു ചോക്കലേറ്റ് കൊടുക്കുന്നതിനോട് ഉപമിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കുട്ടികള്‍ക്കു കൊടുത്ത ചോക്കലേറ്റ് പെട്ടെന്നു തിരിച്ചെടുത്താന്‍ കരച്ചിലും ബഹളവുമുണ്ടാവുമെന്ന് സുമിത്രാ മഹാജന്‍ പറഞ്ഞു. ബിജെപിയുടെ വ്യാപാരി സംഘടന സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമത്തില്‍ അറസ്റ്റിന് സുപ്രിം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കുന്നതിന് പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഏതാനും സംഘടനകള്‍ ബന്ദ് നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ലോക്‌സഭാ സ്പീക്കര്‍ പട്ടിക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ കുട്ടികളുടെ ചോക്കലേറ്റിനോട് ഉപമിച്ചത്.

ഞാന്‍ മകന് വലിയൊരു ചോക്കലേറ്റ് കൊടുക്കുകയും എന്നാല്‍ അത് ഒരുമിച്ചു തിന്നുന്നത് നല്ലതല്ലെന്നു കണ്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നു കരുതുക. കുട്ടി അതു സമ്മതിക്കില്ല. അവന്‍ ദേഷ്യപ്പെടാനും കരയാനും തുടങ്ങും. ചിലയാളുകള്‍ കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കി ചോക്കലേറ്റ് തിരികെ വാങ്ങും. ഒരാള്‍ക്കു നല്‍കിയ കാര്യം പെട്ടെന്നു തിരിച്ചെടുക്കുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു.

പട്ടിക വിഭാഗങ്ങള്‍ക്കുള്ള നിയമപരമായ ആനുകൂല്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാമൂഹ്യ സ്ഥിതി പൂര്‍ണമായും ശരിയല്ല. സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരെ നേരത്തെ അനീതി നടന്നിട്ടുണ്ടെങ്കില്‍ പരിഹാരമായി ഇപ്പോഴത്തെ ഒരു വിഭാഗത്തിനെതിരെ അനീതി നടത്താമെന്ന് അര്‍ഥമില്ല. നീതി എല്ലാവര്‍ക്കും   ലഭിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com