ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി
ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

മുംബൈ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് കിരണ്‍ സാങ്വിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതിന് അഞ്ചാം ദിനം കല്യാണിനു സമീപത്തുനിന്നാണ് സാങ്വിയുടെ മൃദദേഹം കണ്ടെത്തിയത്. സാങ്വിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ സര്‍ഫറാസ് ഷെയ്ക്ക് നല്‍കിയ മൊഴിയിലെ സൂചനകള്‍ അനുസരിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാങ്വിയെ കുത്തിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചതായാണ് ഇയാളുടെ മൊഴി. അതേസമയം പരസ്പര വിരുദ്ധമായ പല മൊഴികലും സര്‍ഫറാസ് ഷെയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച കമലാ മില്‍സിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് സാങ്വിയെ കാണാതെയായത്. ഇയാളുടെ കാര്‍ നവി മുംബൈയില്‍ നിന്നും പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതോടെയാണ് സാങ്വിയെ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ എന്ന രീതിയിലേക്ക് അന്വേഷണം നീങ്ങിയത്. 

വീട്ടില്‍ നിന്നും പതിവ് പോലെ ഓഫീസിലേക്ക് പോയ സാങ്വി ബുധനാഴ്ച വൈകുന്നേരം 7.30 ഓടെ ബാങ്കില്‍ നിന്നും മടങ്ങി. ഓഫീസില്‍ നിന്നും നടന്നു പോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെങ്കിലും കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന്റെ പിറ്റേ ദിവസമാണ് പിന്‍സീറ്റില്‍ രക്തക്കറയോടെ കാര്‍ പൊലീസ് കണ്ടെത്തിയത്. മലബാര്‍ ഹില്ലില്‍ ഭാര്യയ്ക്കും നാലുവയസ്സുകാരന്‍ മകനുമൊപ്പമാണ് സിങ്വി കഴിഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com