ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിപിസിഎല്‍; കുറയ്ക്കില്ലെന്ന് കേന്ദ്രം

പെട്രോളിന്റെയും ഡീസലിന്റെയും ഉള്‍പ്പെടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രം
ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിപിസിഎല്‍; കുറയ്ക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ധനവില അടിയന്തരമായി കുറയ്ക്കണമെന്ന ആവശ്യം വീണ്ടും കേന്ദ്രസര്‍ക്കാര്‍ തളളി. പെട്രോളിന്റെയും ഡീസലിന്റെയും ഉള്‍പ്പെടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം, കുതിച്ചുയരുന്ന ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്തെത്തി. 

തുടര്‍ച്ചയായ നാല്‍പത്തി രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ലെന്ന് ബിപിസിഎല്‍ അറിയിച്ചു. വില കുറയ്ക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിപിസില്‍ സിഎംഡി ഡി രാജ്കുമാര്‍ പറഞ്ഞു

ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ രാജ്യത്താകമാനം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയില്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയ്ക്ക് വന്‍തിരിച്ചടിയുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എക്‌സൈസ് തീരുവ കുറച്ചാല്‍ സ്വാഭാവികമായും ധനക്കമ്മി ഉയരും. ഇത് തകര്‍ന്നുനില്‍ക്കുന്ന രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആശങ്ക പങ്കുവച്ചു. 

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനും കഴിയില്ല. ഇതിന് പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണമെന്ന് ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് വ്യക്തമാക്കി.വിലനിര്‍ണയാധികാരം എണ്ണകമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബദല്‍ സംവിധാനമൊരുക്കണം. വിലവര്‍ധനവിലൂടെ തൊഴില്‍മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ബിഎംഎസ് പറയുന്നു

അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് പെട്രോള്‍ വില ലീറ്ററിന് 90 രൂപ കടന്നു. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും പതിനാല് പൈസ വീതം വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ 26 പൈസയും ഡീസലിന് 78 രൂപ 18 പൈസയുമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com