ഊണ് നൈസാമിന്റെ രത്‌നം പതിച്ച ടിഫിന്‍ ബോക്‌സില്‍ ; ജീവിതം രാജകീയം , നൈസാം മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയവര്‍ ഒടുവില്‍ കുടുങ്ങി

ഹൈദരാബാദിലെ നൈസാമിന്റെ മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ ജീവിച്ചത് നൈസാമിനെ പോലെ ആഡംബര പൂര്‍ണ്ണമായി
ഊണ് നൈസാമിന്റെ രത്‌നം പതിച്ച ടിഫിന്‍ ബോക്‌സില്‍ ; ജീവിതം രാജകീയം , നൈസാം മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയവര്‍ ഒടുവില്‍ കുടുങ്ങി


ഹൈദരാബാദ് : ഹൈദരാബാദിലെ നൈസാമിന്റെ മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ ജീവിച്ചത് നൈസാമിനെ പോലെ ആഡംബര പൂര്‍ണ്ണമായി. മോഷ്ടാക്കളില്‍ ഒരാള്‍ നിത്യവും ഭക്ഷണം കഴിച്ചിരുന്നത് മ്യൂസിയത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണ ടിഫിന്‍ ബോക്‌സിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് ശേഷം മുംബൈയ്ക്ക് പറന്ന മോഷ്ടാക്കളെ, ഒരു ആഡംബര ഹോട്ടലില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. 

ഈ മാസം രണ്ടാം തീയതിയാണ് പുരാന ഹവേലിയിലെ നൈസാം മ്യൂസിയത്തിലെ മൂന്നാം ഗാലറിയില്‍ നിന്നും മോഷ്ടാക്കള്‍ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നത്. വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച നൈസാമിന്റെ ടിഫിന്‍ ബോക്‌സ്, മാണിക്യ കല്ലും മരതകവും രത്‌നങ്ങളും പതിച്ച സോസര്‍, സ്പൂണ്‍, തുടങ്ങിയവ മോഷണം പോയിരുന്നു. ഏഴാം നൈസാം ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് മ്യൂസിയം അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. 

കവര്‍ച്ചാ വിവരം പുറത്തായതിന് പിന്നാലെ,  മോഷ്ടാക്കളെ കണ്ടെത്താന്‍ 15 സ്‌പെഷല്‍ ടീമിനെയാണ് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ നിയോഗിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയില്‍ നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ മ്യൂസിയത്തില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, മുഖംമൂടി ധരിച്ച രണ്ടുപേര്‍ കെട്ടിടത്തിന് പുറത്തേക്ക് വരുന്നതും, ബൈക്കില്‍ കയറി പോകുന്നതും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. 

മ്യൂസിയത്തില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കേസില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ഇവര്‍ക്ക് പുറമേ, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com