പൊലീസുകാരുടെ തലയ്ക്കടിച്ച് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു; സിസിടിവിയില്‍ കുരുങ്ങി മൂന്ന് മണിക്കൂറിനുള്ളില്‍ വീണ്ടും അകത്ത് 

പൊലീസുകാരെ തലയ്ക്കടിച്ച് ബോധരഹിതരാക്കിയ ശേഷമായിരുന്നു പ്രതിയുടെ രക്ഷപെടല്‍ ശ്രമം
പൊലീസുകാരുടെ തലയ്ക്കടിച്ച് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു; സിസിടിവിയില്‍ കുരുങ്ങി മൂന്ന് മണിക്കൂറിനുള്ളില്‍ വീണ്ടും അകത്ത് 

ഗ്വാളിയര്‍: ഡ്യൂട്ടിയിലണ്ടായിരുന്ന പൊലീസുകാരെ മണ്‍വെട്ടി ഉപയോഗിച്ച് മര്‍ദ്ദിച്ചശേഷം സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുശേഷം വീണ്ടു പിടികൂടി. പൊലീസുകാരെ തലയ്ക്കടിച്ച് ബോധരഹിതരാക്കിയ ശേഷമായിരുന്നു പ്രതിയുടെ രക്ഷപെടല്‍ ശ്രമം. പ്രതി പൊലീസുകാരെ മര്‍ദ്ദിക്കുന്നതിന്റെയും സ്റ്റേഷനില്‍ നിന്ന് രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സുഹൃത്തിനൊപ്പം പിടികൂടിയ വിഷ്ണു രജാവത് എന്ന 25കാരനാണ് സ്റ്റേഷനില്‍ നിന്ന് രക്ഷപെടാനുള്ള സാഹസത്തിന് മുതിര്‍ന്നത്. വൈകുന്നേരത്തോടെ പിടികൂടിയ ഇവരെ ലോക്കപ്പിലടയ്ക്കാതെ പുറത്താണ് ഇരുത്തിയിരുന്നത്. രണ്ടു പൊലീസുകാര്‍ക്കു പുറമേ സുരക്ഷാ ഉദ്യോഗസ്ഥരാരും ജയിലില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. സംസാരിച്ചിരിക്കുന്നതിനിടയില്‍ പൊലീസുകാരെ പ്രതി ആക്രമിക്കുകയായിരുന്നു. ആദ്യ അടിയില്‍ തന്നെ ഒരു പൊലീസുകാരന്‍ ബോധരഹിതനായി. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പ്രതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയേറ്റ് വീഴുകയായിരുന്നു. രണ്ടു പൊലീസുകാരും ഗ്വാളിയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

പൊലീസ് സ്റ്റേഷനിലെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന മണ്‍വെട്ടിയാണ് പ്രതി ആയുധമാക്കിയത്. തന്നെ വെറുതെ സ്റ്റേഷനില്‍ ഇരുത്തിയിരുന്നതിനാലാണ് രക്ഷപെടാമെന്ന് കരുതിയതെന്നും അതുകൊണ്ടാണ് ആക്രമിച്ചതെന്നുമാണ് രണ്ടാം തവണ പിടികൂടിയപ്പോള്‍ വിഷ്ണു പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com