'പെട്രോള്‍ അടിയ്ക്കൂ ബൈക്ക് സമ്മാനമായി നേടൂ'; കച്ചവടം പൊളിയാതിരിക്കാന്‍ സൂപ്പര്‍ ഓഫറുമായി പമ്പ് ഉടമകള്‍

പെട്രോളിന്റെ വില്‍പ്പന കുറയാതെ ബിസിനസില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പമ്പ് ഉടമകള്‍ ഓഫറുകള്‍ വെച്ചിരിക്കുന്നത്
'പെട്രോള്‍ അടിയ്ക്കൂ ബൈക്ക് സമ്മാനമായി നേടൂ'; കച്ചവടം പൊളിയാതിരിക്കാന്‍ സൂപ്പര്‍ ഓഫറുമായി പമ്പ് ഉടമകള്‍

ബര്‍വാനി: പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചു കയറുന്നതിനിടയില്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ സൂപ്പര്‍ ഓഫറുമായി മധ്യപ്രദേശ് പെട്രോള്‍ പമ്പ് ഉടമകള്‍. പെട്രോള്‍ വാങ്ങുന്നവര്‍ക്ക് ബൈക്കും ലാപ്‌ടോപ്പും വാഷിങ് മെഷീനുമെല്ലാമാണ് സമ്മാനമായി നല്‍കുന്നത്. പെട്രോളിന്റെ വില്‍പ്പന കുറയാതെ ബിസിനസില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പമ്പ് ഉടമകള്‍ ഓഫറുകള്‍ വെച്ചിരിക്കുന്നത്. 

പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ ടാക്‌സ് ചുമത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അതിനാല്‍ രാജ്യത്ത് പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് ഏറ്റവും വിലക്കൂടുതലും ഇവിടെയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഇവിടത്തേക്കാള്‍ വില കുറവായതിനാല്‍ അവിടെ നിന്ന് പെട്രോള്‍ നിറച്ചാണ് വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടക്കുന്നത്. സംസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പോയി പെട്രോളടിക്കുന്നുണ്ട്. 

വലിയ അളവില്‍ പെട്രോളും ഡീസലും അടിക്കുന്നവര്‍ക്കാണ് ഓഫറുകളുള്ളത്. 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബ്രേക്ഫാസ്റ്റും ചായയും സൗജന്യമായി നല്‍കും. 50,000 ലിറ്റര്‍ വാങ്ങുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവയാണ് നല്‍കുക. 15,000 വാങ്ങുന്നവര്‍ക്ക് അലമാരയോ സോഫാ സെറ്റോ 100 ഗ്രാമിന്റെ വെള്ളി കൊയിനോ നല്‍കും. 25,000 ലിറ്റര്‍ ഡീസല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ്. 50,000 ലിറ്റേഴ്‌സ് വാങ്ങുന്നവര്‍ക്ക്  എസിയോ ലാപ്‌ടോപ്പോ ലഭിക്കും. ഒരു ലക്ഷം ലിറ്റര്‍ അടിക്കുന്നവര്‍ക്കാണ് ബൈക്ക് സമ്മാനമായി നല്‍കുന്നത്. പുത്തന്‍ ഓഫര്‍ വന്നതോടെ 100 ലിറ്റര്‍ പെട്രോള്‍ അടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ അനുജ് ഖന്‍ഡെല്‍വാല പറയുന്നത്. 

അതിര്‍ത്തി ജില്ലകളിലുള്ള പെട്രോള്‍ ഉടമകളാണ് വിലകയറ്റം പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. അഞ്ച് രൂപയോളം വ്യത്യാസമാണ് തൊട്ടടുത്ത സംസ്ഥാനങ്ങളുമായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com