ഇവിഎം തിരിമറി, കയ്യാങ്കളി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

 വോട്ടണ്ണലിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു
ഇവിഎം തിരിമറി, കയ്യാങ്കളി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: വോട്ടണ്ണലിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗം എബിവിപിയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ്‌യുഐയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്‌. ഇവിഎം മെഷിനീല്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്‌യുഐ രംഗത്തെത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ജനാലകള്‍ എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. 

വോട്ടെണ്ണലിന്റെ ആറ് റൗണ്ട് കഴിഞ്ഞപ്പോള്‍ എന്‍എസ്‌യുഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി ചില്ലറാണ് മുന്നില്‍ നില്‍ക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന സിവൈഎസ്എസിന്റെ സ്ഥാനാര്‍ത്ഥിയും മുന്നില്‍ നില്‍ക്കുന്നു. 

ഒരു വോട്ടിങ് മെഷീനില്‍ മാത്രമാണ് പ്രശ്‌നം സംഭവിച്ചതെന്നും വോട്ടെണ്ണല്‍ തുടരണമെന്നും എബിവിപി ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും തങ്ങള്‍ ലീഡ് ചെയ്യുന്നത് മനസ്സിലാക്കിയിട്ടാണ് മറ്റ് സംഘടനകള്‍ ആരോപണങ്ങള്‍ നടത്തുന്നതെന്ന് എബിവിപി ആരോപിച്ചു. ഇവിഎം മെഷീനുകളില്‍ കാര്യമായ തിരിമറി നടന്നുവെന്നും തെരഞ്ഞെടുപ്പ് ഒന്നേന്ന് നടത്തണമെന്നും എന്‍എസ്‌യുഐ ആവശ്യപ്പെട്ടു. 

1.5ലക്ഷം വിദ്യാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന പ്രധാനപ്പെട്ട സര്‍വകലാശാല തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കക്ഷികള്‍ ഗൗരവത്തോടയാണ് നോക്കിക്കാണുന്നത്. 

എബിവിപിക്കും എന്‍എസ്‌യുഐനും പുറമേ, ഇടത് സംഘടനയായ എഐഎസ്എയും എഎപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സിവൈഎസ്എസും മത്സര രംഗത്തുണ്ട്. ഇവര്‍ സംയുക്തമായാണ് മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com