കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറിയെടുത്തു, ആറംഗ നിര്‍ദ്ധന കുടംബം കോടിശ്വരന്മാരായി 

കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറിയെടുത്ത ദിവസവരുമാനക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചു.
കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറിയെടുത്തു, ആറംഗ നിര്‍ദ്ധന കുടംബം കോടിശ്വരന്മാരായി 

പാട്യാല: കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറിയെടുത്ത ദിവസവരുമാനക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചു. ആറുപേര്‍ അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ മനോജ് കുമാര്‍, ദുരിതപൂര്‍ണമായ ജീവിതവുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ നട്ടംതിരിയുമ്പോഴാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ എത്തിയത്. 

ലോട്ടറി അടിക്കുന്നതിന് മുന്‍പ് ഇഷ്ടിക ചൂളയില്‍ നിന്ന് ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് മനോജ് കുമാറും ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം നിത്യച്ചെലവ് കഴിച്ചിരുന്നത്. 250 രൂപയായിരുന്നു കൂലി. ഇതിനിടെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു മനോജ്കുമാര്‍. മൂത്ത മകളോട് ഐപിഎസ് ലക്ഷ്യമിട്ട് പഠിയ്ക്കാനാണ് അച്ഛന്‍ ഉപദേശിച്ചത്. നേഴ്‌സ് എന്ന തലത്തില്‍ ചുരുക്കാതെ ഡോക്ടറാകാന്‍ സ്വപ്‌നം കാണാനും മറ്റു മക്കളോട് മനോജ്കുമാര്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യത്തില്‍ കുട്ടികളുടെ പഠിത്തം വെല്ലുവിളിയായി മാറിയ സന്ദര്‍ഭത്തിലാണ് ആഗസ്ത് 30 എന്ന ദിവസം അവരുടെ ജീവിതം മാറ്റിമറിച്ചത്. സെപ്റ്റംബര്‍ മുതല്‍ റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് ഏജന്റുമാരുടെ ബഹളമാണ് ഇവരുടെ വീട്ടില്‍.

അയല്‍ക്കാരന്റെ കൈയില്‍ നിന്ന് കടംവാങ്ങിയ 200 രൂപയ്ക്ക് എടുത്ത ലോട്ടറിയാണ് പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലെ മനോജ് കുമാറിന്റെയും ഭാര്യ രാജ് കൗറിന്റെ ജീവിതം മാറ്റിമറിച്ചത്. ഇവരെടുത്ത രാഖി ബംബര്‍ ലോട്ടറിയുടെ സമ്മാനമായ ഒന്നരക്കോടിയാണ് ഇവര്‍ക്ക് അടിച്ചത്. കൂലിപ്പണിക്കാരായ സാധുകുടുംബം അങ്ങനെ കോടീശ്വരരായി.

മനോജിന്റെ പിതാവ് അടുത്തിടെയാണ് ആസ്മ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയതും സമ്പാദ്യവുമെല്ലാം ചിലവഴിക്കേണ്ടി വന്നു. പിതാവ് മരിക്കും മുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന ചിന്തയും അദ്ദേഹം പങ്കുവെക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com