മല്യയ്ക്ക് രക്ഷപ്പെടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഭേദഗതി ചെയ്തു; കേന്ദ്രസര്‍ക്കാരിനെ കുരുക്കിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി 

ലുക്ക് ഔട്ട് നോട്ടീസ്  ഭേദഗതി ചെയ്ത് ഉത്തരവിട്ടത് ധനമന്ത്രാലയത്തിലെ ആരുടെ നിര്‍ദേശപ്രകാരമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
മല്യയ്ക്ക് രക്ഷപ്പെടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഭേദഗതി ചെയ്തു; കേന്ദ്രസര്‍ക്കാരിനെ കുരുക്കിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി 

ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി എന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ആരോപണത്തിന്റെ അലയൊലി തീരും മുന്‍പ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ധനമന്ത്രി അരുണ്‍ ജയ്റ്റലിയെ ലക്ഷ്യമിട്ട് ട്വിറ്ററിലാണ് സുബ്രഹ്മണ്യന്‍ സ്വാമി വിവാദം കൊഴുപ്പിച്ചത്. 

വിജയ് മല്യ നാടുവിടുമ്പോള്‍ രാജ്യസഭ എംപിയായിരുന്നു. എന്നാല്‍, കോടികളുടെ വായ്പ തിരിച്ചടവിന്റെ പശ്ചാത്തലത്തില്‍ വിജയ്മല്യക്കെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. പക്ഷേ 2016 മാര്‍ച്ച് രണ്ടിന് ഡല്‍ഹി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുളള ലുക്ക് ഔട്ട് നോട്ടീസ് ഭേദഗതി ചെയ്ത നിലയിലാണ് പ്രത്യക്ഷപ്പെട്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മല്യയെ തടയണമെന്ന് വ്യക്തമാക്കിയിരുന്ന ലുക്ക് ഔട്ട് നോട്ടീസ് റിപ്പോര്‍ട്ട് ചെയ്യണമെന്ന തരത്തില്‍ 2015 ഒക്ടോബറില്‍ ഭേദഗതി ചെയ്ത് ഉത്തരവിട്ടത് ധനമന്ത്രാലയത്തിലെ ആരുടെ നിര്‍ദേശപ്രകാരമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു.

 വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനില്‍ക്കെ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വെട്ടിലാക്കിയാണ് വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ ബുധനാഴ്ച പുറത്തുവന്നത്. രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനില്‍ മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി ട്വിറ്ററിലുടെ വിവാദം കത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com