തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയാതെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് എവിടെനിന്ന് വോട്ടിങ് മെഷീനുകള്‍ ലഭിച്ചു?; തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന് കെജരിവാള്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയാതെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് എവിടെനിന്ന് വോട്ടിങ് മെഷീനുകള്‍ ലഭിച്ചു?; തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സര്‍വകലാശാല തെരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടീങ് മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ കത്ത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

എവിടെ നിന്നാണ് ഇവിഎം മെഷീനുകള്‍ സ്വകാര്യമായി ലഭിക്കുന്ത്? സ്വകാര്യമായി ആര്‍ക്കും വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കാനോ വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നില്ലേ?തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഇവിഎം മെഷീനുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ആര്‍ക്കും തോന്നുന്നില്ലേ?-അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. 

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പിലേക്ക് വോട്ടിങ് മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിങ് മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന് ഇലക്ഷന്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഡിജിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാല ഇവിഎം മെഷീനുകള്‍ സ്വകാര്യമായി വാങ്ങിയതാണെന്നും കത്തില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണെന്നും ഇലക്ഷന്‍ ഓഫീസര്‍ വ്യക്തമാക്കുന്നു. 

തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും വിദ്യാര്‍ത്ഥി വിഭാഗമായ എന്‍സ്‌യുഐയും രംഗത്ത് വന്നിരുന്നു. എന്‍എസ്‌യുഐയെ പരാജയപ്പെടുത്തി എബിവിപി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. സെക്രട്ടറി സ്ഥാനം മാത്രമാണ് എന്‍എസ്‌യുഐയ്ക്ക് ലഭിച്ചത്. 

വോട്ടെണ്ണലിന്റെ ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നുവെന്നാരോപിച്ച് എന്‍എസ്‌യുഐ രംഗത്ത് വന്നിരുന്നു. അതുവരെ മുന്നിട്ടുനിന്ന എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി എബിവിപി വന്‍ മുന്നേറ്റം നടത്തി. ഇതാണ് സംശയത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് എന്‍സ്‌യുഐയുടെ ആവശ്യം. എഎപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സിവൈഎസ്എസും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇടത് സംഘടനയായ എഐഎസ്എയ്ക്ക് ഒപ്പം സഖ്യമായാണ് സിവൈഎസ്എസ് മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com