മോദിയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ജേണല്‍, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

സമ്പൂര്‍ണ ആരോഗ്യ പരിപാലന പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍.
മോദിയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ജേണല്‍, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സമ്പൂര്‍ണ ആരോഗ്യ പരിപാലന പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ വിവിധ മാരക രോഗങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പേരിലാണ് ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍ ആയ ദ ലാന്‍സെറ്റ് മോദിയെ അഭിനന്ദിച്ചത്. സമ്പൂര്‍ണ ആരോഗ്യപരിരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് ലാന്‍സെറ്റ് വിശേഷിപ്പിച്ചു.

പൗരന്മാരുടെ സ്വാഭാവിക അവകാശം എന്നതിലുപരി ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം മോദി മനസിലാക്കി. രാജ്യത്ത് ഉയര്‍ന്നുവരുന്ന ഇടത്തരം കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്ന രാഷ്ട്രീയ ആയുധം കൂടിയായി  ഇത് മാറുമെന്ന് അദ്ദേഹം കണക്കുകൂട്ടിയതായി ജേണല്‍ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നു. മോദിയുടെ രാഷ്ട്രീയ പ്രതിയോഗിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മോദി കെയറിന് ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ഒരു പദ്ധതി നിര്‍ദേശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. പാരമ്പര്യമുളള പാര്‍ട്ടിയുടെ പിന്‍ഗാമി എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പലതും ചെയ്യാന്‍ ഇപ്പോഴും കഴിയുമെന്ന് തെളിയിക്കാനുളള തത്രപ്പാടിലാണ് രാഹുല്‍. എങ്കിലും മോദി കെയറിനോട് കിടപിടിക്കാന്‍ കഴിയുന്ന ഒരു പദ്ധതി മുന്നോട്ടുവെയ്ക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ലെന്ന് ദ ലാന്‍സെറ്റില്‍ ഹോര്‍ട്ടണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായുളള അവഗണനയ്ക്ക് ഒടുവില്‍ ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് സര്‍ക്കാര്‍ ബോധവാന്മാരായിരിക്കുകയാണ്. സമ്പൂര്‍ണ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതിന് ഈ വര്‍ഷമാണ് തുടക്കമിട്ടത്. രാജ്യത്തൊട്ടാകെ ഒന്നര ലക്ഷം ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനം. കൂടാതെ അഞ്ചുലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന സമ്പൂര്‍ണ ആരോഗ്യഇന്‍ഷുറന്‍സും ഈ പദ്ധതിയുടെ ഭാഗമാണ്. 10 കോടി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് ലേഖനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com