വാഹന മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ തല്ലിക്കൊന്നു ; അഞ്ചുപേര്‍ പിടിയില്‍, വര്‍ഗീയ സംഘര്‍ഷം

ഫാറൂഖ് ഖാന്‍ എന്ന 26 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്
വാഹന മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ തല്ലിക്കൊന്നു ; അഞ്ചുപേര്‍ പിടിയില്‍, വര്‍ഗീയ സംഘര്‍ഷം

ഗുവാഹത്തി : വാഹന മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ, തരോയ്ജാം ഗ്രാമത്തിലാണ് സംഭവം. ഫാറൂഖ് ഖാന്‍ എന്ന 26 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.  വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.

തൗബോള്‍ ജില്ലയിലെ ലിലോങ് ഗ്രാമവാസിയായ ഫാറൂഖ് ഖാന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. വാഹന മോഷ്ടാവാണ് ഇയാളെന്ന് ആരോപിച്ച്, ഫാറൂഖ് സഞ്ചരിച്ച കാര്‍ തടഞ്ഞ് ഗ്രാമീണര്‍ ആക്രമിക്കുകയായിരുന്നു. ഇതിനിടെ കാറില്‍ ഫാറൂഖിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. 

ഗ്രാമീണര്‍ കാറും നശിപ്പിച്ചു. ഫാറൂഖും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ആക്രമിച്ചത്. എന്നാല്‍ ഇവര്‍ വാഹനം മോഷ്ടിച്ചതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ പാറ്റ്‌സോയി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഗ്രാമീണരുടെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. പിടിയിലായവരെ വെറുതെ വിടണമെന്നായിരുന്നു ആവശ്യം. 

അതിനിടെ ഫാറൂഖിന്റെ മരണ വാര്‍ത്ത അറിഞ്ഞതോടെ മുസ്ലിം ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഈ മാസം 22 നകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com