വിദഗ്ധ ചികിത്സക്കായി പരീക്കര്‍ എയിംസിലേക്ക്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സക്കായി ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് തിരിച്ചു. നേവിയുടെ പ്രത്യേക വിമാനത്തിലാണ് യാത്ര
വിദഗ്ധ ചികിത്സക്കായി പരീക്കര്‍ എയിംസിലേക്ക്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡല്‍ഹി: ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സക്കായി ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് തിരിച്ചു. നേവിയുടെ പ്രത്യേക വിമാനത്തിലാണ് യാത്ര. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പരീക്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചേക്കും

അനാരോഗ്യത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കഴിഞ്ഞ ഏഴു മാസമായി അര്‍ബുദരോഗത്തെത്തുടര്‍ന്ന്  ചികിത്സയിലാണ് അദ്ദേഹം.  പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. അതിനായി ബിജെപിയുടെ കേന്ദ്രനിരീക്ഷകര്‍ ശനിയാഴച് ഗോവയില്‍ എത്തുമെന്നായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ അത് മാറ്റിവെച്ചിട്ടുണ്ട്. തല്‍ക്കാലം മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നല്‍കാനാണ് നീക്കം. 

മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ചികില്‍സയ്ക്കുശേഷം കഴിഞ്ഞ ആഴ്ച യുഎസില്‍ നിന്നു തിരികെയെത്തിയ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിജെപി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുക.

ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി നേതാവെന്ന നിലയില്‍ പരീക്കര്‍ക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ബിജെപിക്കു തലവേദന സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com