സിദ്ദുവിനെ തള്ളി ഇമ്രാന്‍; പാത തുറക്കാന്‍ ചര്‍ച്ചയില്ല, വിവാദം

കര്‍താര്‍പുര്‍ സാഹിബ് കോറിഡോര്‍ വിഷയത്തില്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെ തള്ളി പാക്കിസ്ഥാന്‍
സിദ്ദുവിനെ തള്ളി ഇമ്രാന്‍; പാത തുറക്കാന്‍ ചര്‍ച്ചയില്ല, വിവാദം

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ സാഹിബ് കോറിഡോര്‍ വിഷയത്തില്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെ തള്ളി പാക്കിസ്ഥാന്‍. കര്‍താര്‍പുര്‍ സാഹിബ് കോറിഡോര്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഈയടുത്ത് സിദ്ദു അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ പോയ സമയത്ത് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ കര്‍താര്‍പുര്‍ സാഹിബ് കോറിഡോര്‍ തുറക്കുമെന്ന് പറഞ്ഞതായി സിദ്ദു അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലെ സിഖ് വംശജര്‍ക്ക് കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുക ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ പാത തുറക്കാന്‍ താത്പര്യം കാട്ടിയതെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു. 

ഇക്കാര്യവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയതായും സിദ്ദു പറയുന്നു. പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാന് അപേക്ഷ  നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സിദ്ദു വ്യക്തമാക്കി.

അതേസമയം കര്‍താര്‍പുര്‍ കോറിഡോര്‍ വിഷയത്തില്‍ സിദ്ദു ആളുകള്‍ക്കിടയില്‍ വൈകാരികത സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് അകാലിദള്‍ നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍  ബാദല്‍ ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയില്‍ പുതിയ ഇടനിലക്കാരനെയാണ് പാക്കിസ്ഥാന് സിദ്ദുവിലൂടെ ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ സിദ്ദുവിനെ പാവയാക്കി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിയ പങ്കെടുക്കാന്‍ പോയ സിദ്ദു സൈനിക മേധാവിയായ ഖമര്‍ ജാവേദ് ബജ് വയെ ആലിംഗനം ചെയ്തത് ബി.ജെ.പി വിമര്‍ശന വിധേയമാക്കിയിരുന്നു. എന്നാല്‍ താന്‍ ആലിംഗനം ചെയ്തതാണെന്നും റാഫേല്‍ ഇടപാടല്ല എന്നുമാണ് സിദ്ദു ആരോപണത്തിന് മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com