റഫാലില്‍ റിലയന്‍സിന് വേണ്ടി കേന്ദ്രം സമ്മര്‍ദം ചെലുത്തി;  മോദി സര്‍ക്കാരിനെ വെട്ടിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ 

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച പകര്‍ന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ വെളിപ്പെടുത്തല്‍.
റഫാലില്‍ റിലയന്‍സിന് വേണ്ടി കേന്ദ്രം സമ്മര്‍ദം ചെലുത്തി;  മോദി സര്‍ക്കാരിനെ വെട്ടിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ 

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച പകര്‍ന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി എന്ന ആരോപണമാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഉന്നയിച്ചത്. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഒലോന്‍ദിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

ഒരു ഫ്രഞ്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയിലാണ് ഒലാന്ദയുടെ പ്രസ്താവനയുള്ളത്. റിലയന്‍സിനെ ഇന്ത്യയിലെ പങ്കാളിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് ഒലാന്ദയുടെ വെളിപ്പെടുത്തല്‍. ഒലാന്ദയുടെ പ്രസ്താവനയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വാണിജ്യ തീരുമാനം സംബന്ധിച്ച് ഇന്ത്യ, ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മില്‍ യാതൊരു സംസാരവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസി തയാറായില്ല. റഫാല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡസോള്‍ട്ടാണ് ഇന്ത്യയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തതെന്നാണ് കേന്ദ്രനിലപാട്. ഇതില്‍ സര്‍ക്കാരിനു യാതൊന്നും ചെയ്യാനില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടില്‍ നിന്നാണു തങ്ങള്‍ക്കു കരാര്‍ ലഭിച്ചതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും റിലയന്‍സ് നേരത്തേ നിലപാടെടുത്തിരുന്നു.

36 വിമാനങ്ങളാണു കരാര്‍ പ്രകാരം ഇന്ത്യയില്‍ എത്തുക. 59000 കോടി രൂപ മുടക്കി ഇവ സ്വന്തമാക്കാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറിലെത്തിയത്. 2019 സെപ്റ്റംബര്‍ മുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തും. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനു പിന്തുണയുമായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നേരത്തേ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com