'ജീവന്‍ വേണമെങ്കില്‍ രാജിവെക്കൂ' ; കശ്മീരിലെ 24 പൊലീസ് ഓഫീസര്‍മാര്‍ക്ക് ഭീകരരുടെ ഭീഷണി

ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനാണ് ഭീഷണി മുഴക്കിയത്
'ജീവന്‍ വേണമെങ്കില്‍ രാജിവെക്കൂ' ; കശ്മീരിലെ 24 പൊലീസ് ഓഫീസര്‍മാര്‍ക്ക് ഭീകരരുടെ ഭീഷണി

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ 24 പൊലീസുകാര്‍ക്ക് കൂടി ഭീകരരുടെ വധഭീഷണി. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. ജീവന്‍ വേണമെങ്കില്‍ പൊലീസ് ഉദ്യോ​ഗം രാജിവെക്കാനാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാനും ഭീഷണി സന്ദേശത്തില്‍ പറയുന്നു. 

രാജിവെക്കാന്‍ ആവശ്യപ്പെടുന്ന 24 പൊലീസുകാരുടെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഓഫീസര്‍മാരാണ്. വനിതാ പൊലീസുകാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് വെറും മുന്നറിയിപ്പില്ല, കാലപുരിക്ക് അയക്കുക തന്നെ ചെയ്യുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

രാജിവെച്ചതായുള്ള സന്ദേശം പ്രസിദ്ധപ്പെടുത്തണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു പൊലീസ് ഓഫീസറെ ഒരു കാരണവശാലും ജീവനോടെ വെച്ചേക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു. തെക്കന്‍ കശ്മീരില്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഭീഷണി സന്ദേശം പുറത്തുവന്നത്. 

വധഭീഷണി മുഴക്കി പൊലീസിന്റെ മനോവിര്യം തകര്‍ക്കുകയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷോപ്പിയാന്‍ ജില്ലയില്‍ നിന്നും നിസാര്‍ അഹമ്മദ് ദോബി, ഫിര്‍ദൗസ് അഹമ്മദ്, കുല്‍വന്ത് സിംഗ് എന്നിവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഹിസ്ബുള്‍ മുജാഹിദീന്‍ ചീഫ് ഓപ്പറേഷന്‍സ് കമാന്‍ഡര്‍ റിയാസ് നയ്കൂ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com