രവാരി കൂട്ടബലാല്‍സംഗം : മുഖ്യപ്രതി സൈനികനും കൂട്ടാളിയും അറസ്റ്റില്‍

മുഖ്യപ്രതിയായ സൈനികൻ പങ്കജ്, കൂട്ടുപ്രതി മനീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
രവാരി കൂട്ടബലാല്‍സംഗം : മുഖ്യപ്രതി സൈനികനും കൂട്ടാളിയും അറസ്റ്റില്‍


ചണ്ഡീ​ഗഡ് : ഹരിയാനയിലെ രവാരിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതിയായ സൈനികനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ സൈനികൻ പങ്കജ്, കൂട്ടുപ്രതി മനീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എന്നാൽ ഇവർ എവിടെയായിരുന്നു ഒളിവിലായിരുന്നത്, എവിടെ നിന്നാണ് പിടികൂടിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന് ഒരാഴ്ചയിലേറെ ആയിട്ടും പ്രതികളെ പിടികൂടാത്തത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. 

സെപ്റ്റംബർ 12 നായിരുന്നു സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി രവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് കാറിലെത്തിയ മൂന്നംഗസംഘം സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്. വയലില്‍ വെച്ച് മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. 

പരാതിയില്‍ കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. നിരവധി പൊലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിൽ പങ്കജ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, എഫ്.ഐ.ആറില്‍ മൂന്ന് പേരെയാണ് പ്രതിച്ചേര്‍ത്തിട്ടുള്ളത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയതിന് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്  പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരികെ നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com