ബംഗ്ലാ കുടിയേറ്റക്കാര്‍ ചിതലുകള്‍; ഇന്ത്യക്കാരുടെ ഭക്ഷണം തിന്നുതീര്‍ക്കുന്നെന്ന് അമിത് ഷാ; രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ്

ഇന്ത്യ-ബംഗ്ല ബന്ധത്തെക്കുറിച്ച് പറയാന്‍ അമിത് ഷാ ആയിട്ടില്ലെന്നു ബംഗ്ലാദേശ് മന്ത്രി
ബംഗ്ലാ കുടിയേറ്റക്കാര്‍ ചിതലുകള്‍; ഇന്ത്യക്കാരുടെ ഭക്ഷണം തിന്നുതീര്‍ക്കുന്നെന്ന് അമിത് ഷാ; രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളാണെന്ന, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ്. അനാവശ്യ പരാമര്‍ശമാണ് അമിത് ഷായുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇന്ത്യ-ബംഗ്ലാ ബന്ധത്തെക്കുറിച്ച് അമിത് ഷാ പറയേണ്ടതില്ലെന്നും ബംഗ്ലാദേശ് മന്ത്രി ഹസനുല്‍ ഹഖ് ഇന പ്രതികരിച്ചു.

ന്യൂഡല്‍ഹിയില്‍ റായില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. കോടിക്കണക്കിനു വരുന്ന കുടിയേറ്റക്കാര്‍ ചിതലുകളെപ്പോലെയാണെന്നും ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു കിട്ടേണ്ട ഭക്ഷണം ഇവര്‍ തിന്നുതീര്‍ക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യക്കാരുടെ ജോലിയും ഇവര്‍ തട്ടിയെടുക്കുന്നു. ഇവര്‍ നാട്ടില്‍ സ്‌ഫോടനങ്ങളുണ്ടാക്കുന്നു, ഇന്ത്യക്കാര്‍ ഇതിന് ഇരയാവുകയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

2019ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇവരില്‍ ഓരോരുത്തരെയും കണ്ടെത്തി പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ രജിസ്റ്ററിലൂടെ നാല്‍പ്പതു ലക്ഷം പേര്‍ അനധികൃത താമസക്കാരെന്നു കണ്ടെത്തിയ നടപടി അമിത് ഷാ ചൂണ്ടിക്കാട്ടി. 

ബംഗ്ലാദേശികളെ ചിതലുകളെന്നു വിളിച്ച അമിത് ഷായുടെ നടപടി അനാവശ്യപരാമര്‍ശമാണെന്ന് ഹസനുല്‍ ഹഖ് ഹിന്ദു ദിനപത്രത്തോടു പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിന് ധാക്ക ഒരു പ്രധാന്യവും കല്‍പ്പിക്കുന്നില്ല. അതിന് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവമില്ല. ഇന്ത്യ-ബംഗ്ല ബന്ധത്തെക്കുറിച്ച് പറയാന്‍ അമിത് ഷാ ആയിട്ടില്ലെന്നും ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com