രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം നൂറായി; നാലു വര്‍ഷത്തിനുളളില്‍ 35 വിമാനത്താവളങ്ങള്‍ തുറന്നതായി നരേന്ദ്രമോദി

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 65 വിമാനത്താവളങ്ങള്‍ എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുളള കണക്ക്.
രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം നൂറായി; നാലു വര്‍ഷത്തിനുളളില്‍ 35 വിമാനത്താവളങ്ങള്‍ തുറന്നതായി നരേന്ദ്രമോദി

ഗാംഗ്‌ടോക്: നീണ്ടക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമ്മില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായി. രാജ്യത്തിന്റെ നൂറാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമെന്ന നിലയില്‍ പാകിയോങ് വിമാനത്താവളത്തിന് തന്ത്രപ്രാധാന്യമേറെയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അവഗണിച്ച മുന്‍സര്‍ക്കാരുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരും മുന്‍പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 65 വിമാനത്താവളങ്ങള്‍ മാത്രമാണ് തുറന്നത്. ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ മാത്രം 35 വിമാനത്താവളങ്ങള്‍ തുറന്നതായി അദ്ദേഹം വ്യക്തമാക്കി. പാകിയോങ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 65 വിമാനത്താവളങ്ങള്‍ എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുളള കണക്ക്. വര്‍ഷത്തില്‍ ഒരു വിമാനത്താവളം പോലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ലെന്ന് സാരം. എന്നാല്‍ നാലുവര്‍ഷം കൊണ്ട് 35 വിമാനത്താവളങ്ങള്‍ തുറന്ന് വ്യോമഗതാഗതരംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ഈ സര്‍ക്കാരെന്നും മോദി പറഞ്ഞു.  

ഇതിന് പുറമേ സിക്കിം ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ സവിശേഷ ശ്രദ്ധയാണ് നല്‍കുന്നത്. അധികാരത്തിലേറിയതിന് ശേഷം നിരവധി തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൂടാതെ മേഖലയുടെ വികസന പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുളളതായും മോദി പറഞ്ഞു.

സമുദ്രനിരപ്പിനേക്കാള്‍ 4500 അടി മുകളിലാണ് പാകിയോങ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ടൂറിസം ഉള്‍പ്പെടെ സിക്കിമ്മിന്റെ തനതായ വരുമാനമാര്‍ഗങ്ങള്‍ക്ക് ഇത് കരുത്തുപകരും. ആഭ്യന്തര വ്യോമയാത്രകളെ പ്രോത്സാഹിപ്പിക്കാനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ വിമാനത്താവളം എന്നത് മേഖലയുടെ തന്ത്രപ്രാധാന്യവും വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com